പുന്നയൂര്‍ക്കുളം: പനന്തറയില്‍ കനോലി കനാലില്‍ നിന്നുള്ള ഉപ്പ് ജലം ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ തകർന്നു.
ജലസ്രോതസുകളില്‍ ഉപ്പ് രസം കലര്‍ന്നതോടെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിനും ഉപ്പുരസമായനാൽ പംമ്പിംങ് നിര്‍ത്തിവച്ചു. ശുദ്ധജലം ലഭിക്കാതെ മേഖലയിലെ നൂറിലേറെ കുടുംബങ്ങള്‍ ദുരിതത്തിലായി.
പനന്തറ പാലത്തിനു തെക്ക് കനോലി കനാലിന്റെ പടിഞ്ഞാറെ കരയില്‍ നിര്‍മ്മിച്ച താൽക്കാലിക തടയണയാണ് കഴിഞ്ഞ ദിവസം പൊട്ടിയത്. ഇവിടെ മുള, കവുങ്ങ്, ഓല എന്നിവ ഉപയോഗിച്ച് രണ്ട് അടി വീതിയിലാണ് വേനലിന്റെ തുടക്കക്കില്‍ തടയണ കെട്ടിയത്. തടയണയുടെ സമീപത്തെ പറമ്പുകളിലേക്ക് തോട്ടില്‍ നിന്നും ചെളിയെടുത്തപ്പോള്‍ തടയണക്ക് ബലക്ഷയമുണ്ടായെന്നും ഇതാണ് പൊട്ടാന്‍ കാരണമെന്നും പറയുന്നുണ്ട്. തോട്ടില്‍ നിന്നു പാടശേഖരത്തിലേക്കും പറമ്പിലേക്കും കയറിയ വെള്ളം തോട്ടിലേക്ക് തന്നെ പമ്പ് ചെയ്ത് വറ്റിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ചെറിയ തോട്ടില്‍ രണ്ടിടത്ത് താല്‍ക്കാലിക തടയണ കെട്ടുന്നുണ്ട്. പഞ്ചായത്തിന്റെ പനന്തറ ശുദ്ധജല പദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്തേക്കാണ് ഉപ്പുവെള്ളം കയറിയത്. ഇതിനാല്‍ വെള്ളം എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നൂറോളം കുടുംബങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഇവര്‍ക്ക് പഞ്ചായത്ത് ശുദ്ധജലം വണ്ടിയില്‍ എത്തിക്കുന്നുണ്ട്. ഉപ്പുവെള്ളം തടയാന്‍ പനന്തറ, അണ്ടത്തോട്, തങ്ങള്‍പ്പടി ഭാഗങ്ങളിലായി പത്തോളം സ്ലൂയിസുകള്‍ ഉണ്ടെങ്കിലും അറ്റകുറ്റപണി നടത്താത്തതിനാല്‍ ഉപയോഗമില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.