ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ ഓഫീസില്‍ സംഘര്‍ഷം. കൗൺസിലർക്ക് പരിക്ക്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടച്ച് പൂട്ടിയ തൈക്കാട്ടെ വിദേശ മദ്യ വില്‍പന ശാല നഗരസഭ സീല്‍ ചെയ്യണമെന്ന് ആവശ്യ പ്പെട്ട്  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച പ്രതിപക്ഷ കൗണ്സിലർമാരും ഇവരെ നീക്കം ചെയ്യാനെത്തിയ  പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. പോലിസ് ബലം പ്രയോഗിച്ചു നീക്കുന്നതിനിടെ  കൌണ്‍സിലര്‍ ബഷീര്‍ പൂക്കൊടിനാണ് പരിക്കേറ്റത്. ബൈ പാസ് സര്‍ജറി കഴിഞ്ഞിട്ടുള്ള ബഷീറിനെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന്‍ ചാവക്കാട് ഹയാത് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. വനിതാ കൌണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു .

 തന്‍റെ ഓഫീസില്‍ കയറാതെ ആരോഗ്യ വിഭാഗം ഓഫീസില്‍ ഇരുന്ന സെക്രട്ടറി യു എസ് സതീശനെ യാണ് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ഉപരോധിച്ചത് . ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ചൊവ്വല്ലൂര്‍ പടി മത്സ്യ-മാംസ മാര്‍ക്കറ്റ് നഗര സഭ സീല്‍ ചെയ്തെങ്കിലും മദ്യ വില്‍പനശാല സീല്‍ ചെയ്യാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് ആന്റോ തോമസ്‌, കുന്നിക്കല്‍ റഷീദ്, ബാബു ആളൂര്‍, വിനോദ്, വനിതാ കൌണ്‍സിലര്‍ മാരായ,  സുഷ ബാബു, ശോഭ ഹരിനാരായണന്‍, ശൈലജ ദേവന്‍  എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.     സംഭവത്തില്‍ പ്രതിഷേധിച്ചു സമര സമിതി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എ ജെ സ്റ്റീഫന്‍, കെ ആര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി