ചാവക്കാട്: ആഴക്കടലിൽ മീൻപിടിക്കുന്ന ഫൈബർ വഞ്ചിക്കാരുടെ വലകൾ ബോട്ടുകാർ നശിപ്പിച്ചു.
ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ച് ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന തിരുവന്തപുരം സ്വദേശി വിൽഫ്രഡിൻറെ ഉടമസ്ഥതയുള്ള ഫൈബർ വഞ്ചിക്കാർ വിരിച്ച വലകളാണ് ബോട്ടുകാർ നശിപ്പിച്ചത്. എഴുപത്തയ്യായിരം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. ആഴക്കടലിൽ ചെറുവഞ്ചിക്കാരുടെ ഒഴുക്കുവലകള്‍ ബോട്ടുകാർ നശിപ്പിക്കുന്നത് വ്യാപകമാണ്. ഫൈബർ വഞ്ചിക്കാർ നീട്ടിവലിച്ചിടുന്ന വലകൾ കണ്ടാൽ ബോട്ടുകാര്‍ മാറിപ്പോവുകയാണ് പതിവ്. എന്നാൽ ചിലർ നേർക്ക് തന്നെ വരും. ബോട്ടിലെ പ്രൊപ്പല്ലറുകളിൽ കുരുങ്ങി വലയും വഞ്ചിയും അപകടത്തിലായ സംഭവങ്ങൾ പോലുമുണ്ട്. ഒരേ പേരിൽ മുന്നും നാലും ബോട്ടുകളാണ് പലർക്കുമുള്ളത്. അതിനാൽ ബോട്ടിന്റെ പേര് പറഞ്ഞ് പൊലീസിൽ പരാതിപെടാൻ ഇവർക്ക് കഴിയുന്നില്ല. മാത്രമല്ല ബോട്ടിന്റെ പുറത്ത് നമ്പർ വ്യക്തമായി അടയാളപ്പെടുത്താത്തതും ബോട്ടുകാർക്കെതിരെ പരാതിപ്പെടാൻ തടസമാകുന്നു. ബോട്ടുകാരിൽ പലരും ഡബിൾ നെറ്റ് ഉപയോഗിച്ച്  നിയമ വിരുദ്ധമായ മത്സ്യ ബന്ധനമാണ് നടത്തുന്നത്. ചെറിയ മത്സ്യങ്ങളെ പിടികൂടുന്നവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നുമില്ല. നൂറ് കണക്കിന് ബോട്ടുകളാണ് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നത്. സംസ്ഥാനത്തിനകത്ത് ആഴക്കടൽ മത്സ്യതൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് യാതൊരു സുരക്ഷയും ഒരുക്കുന്നില്ലെന്നാണ് ഇതര ജില്ലകളില്‍ നിന്ന് ഇവിടെ താമസിച്ച് പണിയെടുക്കുന്നവർക്കുള്ള ആക്ഷേപം.

ഫോട്ടോ: ആഴക്കടലിൽ ബോട്ടുകാർ നശിപ്പിച്ച വലയുമായി  ഫൈബർ വഞ്ചിയിലെ തൊഴിലാളികൾ