ഗുരുവായൂര്‍ : കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂളില്‍ മോഷണം. ഓഫീസിന്റെ വാതില്‍ തകര്‍ത്താണ് മോഷണം.  ഓഫീസ് റൂമിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്. അലമാരയിലുരുന്ന ഡിജിറ്റല്‍ കാമറ നഷ്ടമായി.  സ്‌കൂളില്‍ നടക്കുന്ന പരിപാടികളുടെ ഫോട്ടോ എടുക്കാനായി പി.ടി.എ കമ്മിറ്റി നാല് വര്‍ഷം മുന്‍പ് ഏഴായിരം രൂപക്ക് വാങ്ങിയതാണ് കാമറ. ഓഫീസിന്റെ പുറകുവശത്തുള്ള ജനല്‍ ചില്ലും തകര്‍ത്തിട്ടുണ്ട്. സ്റ്റാഫ് റൂമിന്റെയും ഗോവണിയുടെ ഷട്ടറിന്റെയും പൂട്ടുകള്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വരാന്തയില്‍ മല മൂത്ര വിസര്‍ജനം നടത്തിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.  മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ്, ടോര്‍ച്ച്, ചെരിപ്പ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളെ കൊണ്ടുപോകാനായി രാവിലെ എട്ട് മണിയോടെ അധ്യാപകരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌കൂളധികൃതര്‍ പരാതി നല്‍കിയതനുസരിച്ച് ഗുരുവായൂര്‍ എസ്.ഐ ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.