ചാവക്കാട്: 21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ നോട്ടിരട്ടിപ്പു സംഘത്തെ ചാവക്കാട് സി.ഐ. കെ.ജി.സുരേഷ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാറില്‍ കള്ളനോട്ടുമായി സംഘം ചാവക്കാട്  വരുന്നുണ്ടെന്ന് എസ്.പി.യതീഷ് ചന്ദ്രക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. വടക്കുഞ്ചേരി സീന മന്‍സില്‍ റഷീദ്(36), കുന്നംകുളം കരിക്കാട് മണ്ടംമ്പിള്ളി ജോയി(51), മരത്തംകോട് കളത്തിങ്കല്‍ മുജീബ് റഹ്മാന്‍(44) എന്നിവരാണ് പിടിയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് ഉണ്ടായിരുന്നു. ബാക്കി 19.5 ലക്ഷം പ്രതികളിലൊരാളായ റഷീദിന്റെ  ചേലക്കര ആറ്റൂരിനടുത്ത് കമ്പനിപ്പടിയിലുള്ള വാടകവീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. അസ്സല്‍ നോട്ടുകള്‍ വാങ്ങി ഇതിന്റെ ഇരട്ടിമൂല്യത്തിലുള്ള കള്ളനോട്ട് കാറില്‍ വിവിധ സഥലങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 2000, 500, 100 രൂപ എന്നിവയുടെ നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കള്ളനോട്ടടിക്കുതിനുള്ള രണ്ട് പ്രിന്ററുകള്‍, മഷി, സ്‌കാനര്‍ എന്നിവയും  വാടകവീട്ടില്‍ നിന്ന് പിടിച്ചു. കഴിഞ്ഞ ആഴ്ച കകുന്നംകുളത്ത് രണ്ട് ലക്ഷം രൂപ വിതരണം ചെയ്തതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. എസ്.ഐ. മാധവന്‍, എ.എസ്.ഐ.മാരായ അനില്‍ മാത്യു, സാബുരാജ്, സുനില്‍, സീനിയര്‍ സി.പി.ഒ.മാരായ  രാഗേഷ്, സുദേവ്, ജോഷി, സി.പി.ഒ.മാരായ റെനിഷ്, സുജിത്ത്, ബിസ്മിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.