ചാവക്കാട് : തമിഴ്‌നാട് ഉദുമല്‍പ്പേട്ട ദളി പോലീസാണ് കേസന്വേഷണത്തില്‍ അവരെ സഹായിച്ചതിനെ അഭിനന്ദിച്ച് ചാവക്കാട്ടെ ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നാട്ടില്‍ സ്വീകരണം നല്‍കിയത്.
ദളി ഇന്‍സ്‌പെക്ടര്‍ കെ. രവി, സബ് ഇന്‍സ്‌പെക്ടര്‍മാരായ അയ്യര്‍ സ്വാമി, ശക്തിവേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദളി സ്റ്റേഷനില്‍ പ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചത്. മാസങ്ങള്‍ക്കുമുമ്പ് ദളി സ്റ്റേഷന്‍ പരിധിയില്‍നിന്ന് പതിനാറുകാരിയായ പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ദളി സബ് ഇന്‍സ്‌പെക്ടര്‍ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാവക്കാട്ടെത്തുന്നത്.
ചാവക്കാട് ഭാഗത്തേക്കാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെത്തിയത്.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിനെ സഹായിക്കാമോ എന്ന് ചാവക്കാട് പോലീസ് ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകരോട് തിരക്കി. ബ്ലാങ്ങാട് സ്വദേശി നിഷാദിന്റെ നേതൃത്വത്തില്‍ ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകര്‍ തമിഴ്‌നാട് പോലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തി. പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പറപ്പൂരിനടുത്ത് എടക്കളത്തൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തി.