ചാവക്കാട് :നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍വീട്ടുകാര്‍ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. മുഖത്ത് പൊള്ളലേറ്റ കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവത്രയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കറുത്തേടത്ത് രഘുവിന്റെ മകള്‍ അവന്തികയാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അവന്തികയും മറ്റു രണ്ട് കുട്ടികളും ചേര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെ മറ്റൊരു കുടുംബം താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഇരുന്ന് കളിക്കുകയായിരുന്നെന്ന് പറയുന്നു. കുട്ടികള്‍ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നതു കണ്ട് ക്ഷുഭിതരായ വീട്ടുകാരിലൊരാള്‍ തിളച്ച വെള്ളമെടുത്ത് കുട്ടികളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ ഓടിമാറിയതിനാല്‍ വെള്ളം ദേഹത്ത് വീണില്ല. ചാവക്കാട് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. തിരുവത്രയിലെ സ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനീയാണ് അവന്തിക.