ചാവക്കാട്: തിരുവത്രയില്‍ ബാലികയെ തിളച്ച വെള്ളമൊഴിച്ച് മുഖം പൊള്ളിച്ച സംഭവത്തില്‍ അയല്‍ വീട്ടുകാരായ ദമ്പതികൾക്കെതിരെ കേസെടുത്തു.
പതിമൂന്നുകാരിയായ ബാലികയും കുടുംബവും താമസിക്കുന്ന തിരുവത്രയിലെ ക്വാര്‍ട്ടേഴ്‌സിലെ അയൽ വീട്ടുകാരായ റഫീഖ്, ഭാര്യ റൈഹാനത്ത് എന്നിവർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഇവർ ക്വാർട്ടേഴ്സിൽ നിന്ന് മറ്റെവിടേക്കോ പോയിരിക്കുകയാണ്. ഇവരെകുറിച്ചുള്ള കൂടൂതല്‍ വിവരം ലഭ്യമായിട്ടില്ല. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കറുത്തേടത്ത് രഘുവിൻറെ മകള്‍ അവന്തികയാണ് പൊള്ളലേറ്റത്. കുട്ടി ഇപ്പോഴും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അവന്തികയും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെ റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഇരുന്ന് കളിക്കുന്നതിനിടയിലാണ് തിളച്ച വെള്ളം ഒഴിച്ചത്. ഈ സമയത്ത് മറ്റ് രണ്ട് കുട്ടികള്‍ ഓടി മാറിയതിനാല്‍ വെള്ളം ദേഹത്ത് വീണില്ല. സംഭവമറിഞ്ഞ് തിങ്കഴാഴ്ച്ച രാവിലെ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകർ താലൂക്ക് ആശുപത്രിയിലെത്തി ബാലികയുടേയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു.