ചാവക്കാട്: കേന്ദ്ര, കേരള സര്‍ക്കാറുകള്‍  ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍. കേന്ദ്ര, കേരള, സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍നയിക്കുന്ന മധ്യമേഖല പ്രചാരണജാഥയുടെ ഇന്നലത്തെ പര്യടനപരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഫാസിസവും, അക്രമണവുമാണ് ഇവര്‍ നടത്തിവരുന്നത്. ഈ സര്‍ക്കാറുകളില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല. രണ്ടു ഗവര്‍മെന്റുകളും അനീതിയാണ് കാണിക്കുന്നത് . ഭരണടഘന അട്ടിമറിച്ച് കാറ്റില്‍ പറത്തുന്നു. പ്രാധാനമന്ത്രി മോഡിയും, മുഖ്യമന്ത്രി പിണറായി വിജയനും ഏകാധിപത്യഭരണമാണ് തുടരുന്നത്. കടുത്ത വര്‍ഗീയത രാജ്യത്തിന്റെ സൗഹ്യദത്തിന് കോടാലി വെക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു. അക്രമരാഷ്ട്രീയം കൊണ്ട് കേരള ജനത പൊറുതി മുട്ടി. ദിവസവും നേരം പുലരുന്നത് കൊലപാതകവും, അക്രമണവാര്‍ത്തകളും കേട്ടും കണ്ടും കൊണ്ടാണ്. കേരളജനത ഇത്രയും ദുരിതം പേറിയ ഒരുകാലം ഉണ്ടായിട്ടില്ല. ഘടകകക്ഷികള്‍ പോലും സര്‍ക്കാറിനെതിരെ പോര്‍വിളിയുമായി നീങ്ങുകയാണെന്ന് തങ്ങള്‍പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു. അനൂബ് ജേക്കബ് എം എല്‍ എ, അഡ്വ യു എ ലത്തീഫ്, ശൈഖ് പി ഹാരിസ്, പി ആര്‍ എ നമ്പീശന്‍, കെ എസ് വേണുഗോപാല്‍, പി സി വിഷുണുനാഥ് എം എല്‍ എ, ടി എന്‍ പ്രതാപന്‍, കെ എസ് ഹംസ, പി എ മാധവന്‍, സി എച്ച് റഷീദ്. ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, ഇ പി കമറുദ്ധീന്‍, കെ എ ഹാറൂണ്‍ റഷീദ്, മന്ദലംകുന്ന് മുഹമ്മദുണ്ണി, അഡ്വ ഷിബു, സൈമന്‍ മാസ്റ്റര്‍, ജോസ് വള്ളൂര്‍, പി എ ഷാഹുല്‍ ഹമ്മീദ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.