ചാവക്കാട്: വട്ടേക്കാട് ഷേഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തില്‍ രണ്ട് ദിവസമായി നടുന്നുവന്ന ചന്ദനക്കുടം നേര്‍ച്ചക്ക് സമാപനമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബുത്ത് കാഴ്ചക്ക് ആയിരങ്ങളെത്തി. മര്‍ഹും മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്ന് പുറപ്പെട്ട താബുത്ത് കാഴ്ച 11ഓടെ പള്ളിയങ്കണത്തിലെത്തി താബൂത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് കൊടികയറ്റ കാഴ്ച നടന്നു. വിവിധ ഭാഗങ്ങളില്‍ ചുറ്റി സഞ്ചരിച്ച കാഴ്ച ജാറം അങ്കണത്തില്‍ പ്രത്യേകം സ്ഥാപിച്ച കൊടിമരത്തില്‍ കൊടികയറ്റി. വട്ടേക്കാട് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ ചന്ദനക്കുടം നേര്‍ച്ച കമ്മറ്റി ഭാരവാഹികള്‍, ബ്ലോക്ക് മെമ്പര്‍ എം.എ.അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ കൊടികയറ്റത്തിന് നേതൃത്വം നല്‍കി. കൊടികയറ്റത്തിന് മുന്നോടിയായി ബര്‍ദാന്‍ തങ്ങളുടെ ഖബറിടത്തില്‍ മൗലീദ് പാരായണവും കൂട്ട പ്രാര്‍ത്ഥനയും നടന്നു. നേര്‍ച്ചയോടനുബന്ധിച്ച് വിവിധ സംഘടനകളുടേയും ക്ലബുകളുടേയും വീടുകളില്‍ നിന്നും കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി. കൊടികയറ്റത്തിന് ശേഷം കരിമരുന്ന്  പ്രയോഗവും ഉണ്ടായി.