ഗുരുവായൂർ: പൊതു ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. മാലിന്യം തള്ളിയവരെ പൊലീസും നഗരസഭയും ചേർന്ന് രക്ഷിക്കുകയാണെന്ന് ആരോപിച്ച് ചൂൽപ്പുറം നിവാസികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മുതൽ 12 വരെ ചൂൽപ്പുറം മേഖലയിൽ കടകളടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്രഞ്ചിങ് ഗ്രൗണ്ടിൻറെ പരിസര പ്രദേശങ്ങളിലും കോട്ടപ്പടി സെൻററിനടുത്തും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് രാത്രി കാവലിരുന്ന നാട്ടുകാരാണ് ബുധനാഴ്ച രാത്രി വാഹനം പിടികൂടിയത്. നാട്ടുകാരെ കണ്ടതോടെ നിർത്താതെ പോയ വാഹനം ടെമ്പിൾ പൊലീസ് സ്റ്റേഷനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്നാണ് പിടികൂടിയത്. കൗൺസിലർമാരായ ടി.എസ്. ഷെനിൽ, കെ.വി. വിവിധ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പിന്തുടർന്നെത്തിയത്. തുടർന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു. ജി.പി.എസ് സംവിധാനം അടക്കമുള്ള മാലിന്യ ടാങ്കർ പുറമെ നിന്ന് കണ്ടാൽ കുടിവെള്ള ടാങ്കർ പോലെയായിരുന്നു. ടാങ്കിലെ മാലിന്യം മുഴുവൻ 30 സെക്കൻഡ് കൊണ്ട് പുറത്തുതള്ളാനുള്ള സംവിധാനവും ടാങ്കറിനുണ്ട്. നാട്ടുകാർ പിടികൂടുമ്പോൾ ടാങ്കറിൽ പകുതിയോളം മാലിന്യം ഉണ്ടായിരുന്നു. ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു. മാലിന്യം തള്ളിയത് ഗുരുവായൂർ സ്റ്റേഷൻറെ പരിധിയിൽ ആ‍യതിനാൽ ടെമ്പിൾ പൊലീസ് ആ സ്റ്റേഷനിലേക്ക് വിവരം നൽകി. വൈകീട്ട് ഗുരുവായൂർ പൊലീസ് എത്തി ടാങ്കർ കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് എ.സി.പിക്കും, ടെമ്പിൾ സ്റ്റേഷനിലെയും ഗുരുവായൂർ സ്റ്റേഷനിലെയും സി.ഐമാർക്കും നഗരസഭ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മാലിന്യം തള്ളുന്ന വാഹനം കയ്യോടെ പിടികൂടി ഏൽപ്പിച്ചിട്ടും മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന കേസ് മാത്രം ചുമത്തി പ്രതികളെ രക്ഷിക്കുകയാണ് പൊലീസ് എന്ന് ചൂൽപ്പുറത്തെ നാട്ടുകാരിൽ ഒരു വിഭാഗം ആരോപിച്ചു. നഗരസഭയും വേണ്ട വിധത്തിൽ നടപടിയെടുത്തില്ലെന്ന് അവർ പറഞ്ഞു. ഇതിൽ പ്രതികഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തുന്നത്. ചൂൽപ്പുറം മേഖലയിലെ കടകൾ രാവിലെ 10 മുതൽ 12 വരെ അടച്ചിടാനും ആഹ്വാനം ചെയ്തിട്ടുണ്ട്.