ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ (ബീച്ച്) പദ്ധതിയെ കുറിച്ചറിയാൻ എസ്.സി.ഇ.ആർ.ടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിംഗ്) സംഘം സ്കൂളിലെത്തി. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിൽ നിന്ന് സംസ്ഥാന തലത്തിൽ ഇരുപത്തഞ്ച് വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്ത് അധ്യാപക പരിശീലന പരിപാടികളിലൂടെ രാജ്യം മുഴുവൻ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ എസ്.സി.ഇ.ആർ.ടി വഴി ഡോക്യുമെന്റേഷൻ നടത്തുന്നത്. ജില്ലയിൽ നിന്ന് മന്ദലാംകുന്ന് സ്കൂളിനേയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് അധ്യാപകൻ ഇ.പി ഷിബുവിന്റെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ പിന്തുണയിൽ കഴിഞ്ഞ രണ്ട് വർഷമായി നടന്നു വരുന്നതാണ് പദ്ധതി. പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഈ പദ്ധതിക്ക് ജില്ലാ തലത്തിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഫെസ്റ്റ്, ക്ലബ്ബ് എഫ്.എം, ഇംഗ്ലീഷ് അസംബ്ലി, ഹലൊ ഇംഗ്ലീഷ്, മാഗസിൻ, ഇംഗ്ലീഷ് ക്യാമ്പ്, ഇംഗ്ലീഷ് തിയറ്റർ, കോറിയോഗ്രാഫി, സ്റ്റോറി, ഇംഗ്ലീഷ് ഗെയിംസ്, ഡ്രാമ, ഇംഗ്ലീഷ് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നതുമായ ക്ലാസ് റൂം, നാച്വർ വാക്ക്, പ്രദേഷത്തെ റിസോർട്ടുകൾ സന്ദർശിച്ച് വിദേശികളുമായുള്ള ഇന്റർവ്യൂ തുടങ്ങിയ പരിപാടികളാണ് നടന്നു വരുന്നത്.
തൃശൂർ ഡയറ്റ്(ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ട്രൈനിംഗ്)പ്രിൻസിപ്പാൾ വി.ടി.ജയറാം, ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ട്യൂട്ടർ എൻ.എസ് വിനിജ, ഹരി സെന്തിൽ പാലക്കാട്, ജോഷി പൊന്നാനി എന്നിവരാണ് എസ്.സി.ഇ.ആർ.ടി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, പ്രധാന അധ്യാപിക പി.എസ് മോളി, പി.ടി.എ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ, വി ഷെമീർ, അസീസ് മന്ദലാംകുന്ന്, ഒ.എസ്.എ പ്രതിനിധികളായ പി.എ നസീർ, യൂസഫ് തണ്ണി തുറക്കൽ, അധ്യാപകൻ ഇ.പി ഷിബു, വത്സല എന്നിവർ സ്വീകരിച്ചു.