ഗുരുവായൂര്‍ : കുടിവെള്ള പ്രശ്‌നത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ഹോട്ടല്‍ – ലോഡ്ജ് ലോബിക്കുവേണ്ടി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് ഓഫിസ് കവാടത്തില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും യഥേഷ്ടം വെള്ളം ലഭിക്കാനാണ് പ്രശ്‌നത്തില്‍ കലക്ടറെ ഇടപെടുത്താന്‍ ചെയര്‍പേഴ്സന്‍ ആവേശം കാണിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു.
കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ഹോട്ടല്‍ – ലോഡ്ജ് ലോബികള്‍ക്കായി തന്റെ സ്വാധീനം ഉപയോഗിച്ചുവെന്നും, ഗുരുവായൂരിനെ ദുരന്ത മേഖലയാക്കി ചിത്രീകരിച്ചാണ് പ്രശ്‌നത്തില്‍ കലക്ടറെ ഇടപെടുത്തിയതെന്ന് അവര്‍ പറഞ്ഞു. ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും തൈക്കാട് നിന്നും മുടങ്ങാതെ വെള്ളം ലഭിക്കുക മാത്രമായിരുന്നു നഗരസഭയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് ആന്റോ തോമസ് പറഞ്ഞു. ഹോട്ടലുകളും ലോഡ്ജുകളും നിര്‍ദേശിച്ചതനുസരിച്ചാണ് നഗരസഭ പ്രവര്‍ത്തിച്ചത്. ഒടുവില്‍ നഗരസഭ ഹോട്ടലുകള്‍ക്ക് കച്ചവടത്തിന് വെള്ളം നല്‍കേണ്ട സാഹചര്യമാണ് വന്നു ചേര്‍ന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തൈക്കാട് നിവാസികള്‍ക്ക് കുടിവെള്ളം ഇല്ലാതാവുന്ന സാഹചര്യം ഒഴിവാക്കുകയാണ് നഗരസഭ ചെയ്തതെന്ന് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കാനും കലക്ടറുടെ ഉത്തരവിലൂടെ കഴിഞ്ഞുവെന്നും അവര്‍ അവകാശപ്പെട്ടു. ഈ മറുപടിയില്‍ തൃപ്തരാകാതെയാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. വനിതാദിനത്തില്‍ ഉച്ചയോടെ ചേര്‍ന്ന കൌണ്‍സില്‍ യോഗത്തിലെ രണ്ടാമത്തെ അജണ്ടയായി ‘വനിതാ ദിനം ആചരിക്കുന്ന വിഷയം കൗസില്‍ പരിഗണനക്ക്’ എന്ന് ഉള്‍പ്പെടുത്തിയതിനെയും യു.ഡി.എഫ് വിമര്‍ശിച്ചു. ആത്മാര്‍ഥതയില്ലാത്ത സമീപനമാണ് ചെയര്‍പേഴ്‌സന്റേതെ് തെളിയിക്കുന്നതാണ് ഈ സംഭവം എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉപ്പു കലര്‍ന്ന വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ സാധ്യാതാ പഠനത്തിനും കൌണ്‍സില്‍ അംഗീകാരം നല്‍കി.