ചാവക്കാട്: നാടും നഗരവും കുടിവെള്ളത്തിനായി കേഴുമ്പോള്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ശേഖരിക്കുന്ന സംഭരണിയിലെ കുടിവെള്ളം മുഴുവന്‍ റോഡിലോഴുക്കി വാട്ടര്‍ അതോറിറ്റി.
ചാവക്കാട് അനുഗ്യാസ് റോഡിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുന്നംകുളം ഗുരുവായൂര്‍ ചാവക്കാട് സമഗ്ര ശുദ്ധജല വിതരണ പദ്ധതയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ജല സംഭരണിയില്‍ നിന്നാണ് ചൊവ്വാഴ്ച്ച രാവിലെ മുതല്‍ വെള്ളം പാഴാവാന്‍ തുടങ്ങിയത്. വൈകുന്നേരം അഞ്ച് കഴിഞ്ഞിട്ടും അധികൃതകരത്തെി നിയന്ത്രിക്കാത്തത് കാരണം തെക്ക് അരക്കിലോമീറ്റര്‍ ദുരത്തില്‍ റോഡ് വക്കിലെ കാനവരെ വെള്ളമത്തെി. കിഴക്ക് ഭാഗത്ത് പൂക്കുളം റോഡിലും വെള്ളക്കെട്ടുയര്‍ന്നത് സമീപത്തെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ദുരിതമായി. മുന്‍ഭാഗം അടച്ചിട്ടതിനാല്‍ സംഭരണി വളപ്പില്‍ എന്ത് നടക്കുന്നുവെന്നറിയാനായില്ല. ടാങ്ക് നിറഞ്ഞ് കവിഞ്ഞതാണ് വെള്ളം പാഴാവാന്‍ കാരണമെന്നാണ് സമീപ വാസി പറഞ്ഞത്. ഈ സംഭരണിയില്‍ സൂക്ഷിച്ചാണ് ചാവക്കാട്, കടപ്പുറം, ഒരുമനയൂര്‍ മേഖലയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. അധികൃതരുടെ ഇത്തരത്തിലുള്ള അനാസ്ഥ കാരണമാണ് മേഖലയില്‍ ശുദ്ധജല ക്ഷാമം നേരിടുന്നതെന്ന് മുസ്ളിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ലത്തീഫ് പാലയൂര്‍ ആരോപിച്ചു.