ചാവക്കാട് : ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ പുതിയ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറെ നിയോഗിക്കണമെന്ന് താലൂക്ക് വികസനസമിതി. പാവറട്ടിയുള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം അവതാളത്തിലായതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് പ്രസിഡന്റ് അബു വടക്കയില്‍ പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കവെ യോഗത്തില്‍ അധ്യക്ഷനായ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബറാണ് നിലവിലെ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.
ഗുരുവായൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്. വേനലേറുന്നതോടെ ജലലഭ്യത വീണ്ടും കുറയും. ഈ സാഹചര്യത്തെ നേരിട്ട് പരിഹാരം കാണാന്‍ ചുമതലയുള്ളയാളാണ് ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍. ഈ ഉദ്യോഗസഥന്‍ അവധിയില്‍പ്പോയതിനാല്‍ പകരം വടക്കാഞ്ചേരി വാട്ടര്‍ അതോറിറ്റിയിലെ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറിനാണ് ചുമതലയെന്ന് അക്ബര്‍ അറിയിച്ചു. ഇദ്ദേഹത്തിന് രണ്ടിടത്തും നോക്കണം.
ചെറുകിട പട്ടണങ്ങളുടെ സമഗ്ര വികസനപദ്ധതിയുള്‍പ്പെടെ മൂന്നുപദ്ധതികള്‍ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ അസാന്നിധ്യം കാരണം മുടങ്ങിക്കിടക്കുകയാണ്. ഇക്കാരണത്താല്‍ ഗുരുവായൂരില്‍ മറ്റൊരു അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറെ നിയോഗിക്കണമെന്ന് നഗരസഭതന്നെ ആവശ്യപ്പെട്ടതായും എന്‍.കെ. അക്ബര്‍ പറഞ്ഞു.
ജല അതോറിറ്റിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ചാവക്കാട് ബ്ലോക്കുപഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ചെറുകിട കുടിവെള്ളപദ്ധതികളുടെ വിഹിതമായ ഇരുപത്തിനാലുലക്ഷംരൂപാ പാഴാവുന്ന അവസ്ഥയാണെന്ന് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് വിശദീകരിച്ചു. പദ്ധതിക്ക് മണ്ണ്, വെള്ളം തുടങ്ങി വിവിധ പരിശോധനകളുടെ റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസമാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം.
താലൂക്കിലെ കുടിവെള്ളപ്രശ്‌നം അവലോകനം ചെയ്ത് പരിഹാരം കണ്ടെത്താന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് എന്‍.കെ. അകബര്‍ താഹസില്‍ദാരോട് ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ. പ്രേംചന്ദ്, ഒരുമനയൂര്‍ പഞ്ചായത്തു പ്രസിഡന്റ് കെ. ആഷിത, കക്ഷിനേതാക്കളായ തോമസ് ചിറമ്മല്‍, ടി.പി. ഷാഹു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.