ചാവക്കാട്: കാര്‍ എത്തിച്ചുനല്‍കാമെന്നേറ്റ് പണം തട്ടിപ്പ് നടത്തുന്ന ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കോതമംഗലം വാരപ്പെട്ടി വളവില്‍ രാജ(47)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചാവക്കാട് സ്വദേശി പുതുവീട്ടില്‍ നൗഷാദിന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് കാറുകള്‍ എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നൗഷാദില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ 13 ലക്ഷം കൈപ്പറ്റുകയും കാറൊന്നും നല്‍കിയുമില്ല എന്നാണ് കേസ്. നൗഷാദിന്റെ സഹായത്തോടെ മറ്റൊരു കാറിനായി പണം നല്‍കാമെന്ന് പറഞ്ഞ് രാജനെ ചാവക്കാട്ടെത്തിച്ചാണ് പോലീസ് ഇയാളെ തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്തത്. ഇയാളുടെ തട്ടിപ്പ് രീതിയെപറ്റി പോലീസ് പറയുന്നിതിങ്ങനെ, പ്രതി രാജന്‍ നേരത്തെ ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളയാളാണ്. ഗള്‍ഫിലെ പരിചയം വെച്ച് കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ ഗള്‍ഫുകാരായ പരിചയക്കാരുടെ കാറുകള്‍ നാട്ടിലെത്തുന്നവര്‍ക്ക് അവധിക്കാലത്ത് ഓടിക്കാനെന്ന വ്യാജ്യേന വാങ്ങും. അവധിക്ക് നാട്ടിലെത്തിയ ആളെന്നതും ഗള്‍ഫിലെ പരിചയവും കണക്കിലെടുത്ത് കാറുകള്‍ താല്‍ക്കാലികമായി നല്‍കാന്‍ ഇവര്‍ തയ്യാറാവും. ഈ കാറുകള്‍ ഇയാള്‍ ചാവക്കാട്, അകലാട്, പൊന്നാനി ഭാഗങ്ങളില്‍ കൊണ്ടു വന്ന് ആവശ്യക്കാര്‍ക്ക് വലിയ തുകക്ക് കൈമാറും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരില്‍ മാറ്റം വരുത്താതെ മുദ്ര കടലാസില്‍ ഒരു സമ്മതപത്രം ഉണ്ടാക്കിയാണ് ഇത്തരത്തില്‍ അനധികൃതമായി കൈമാറ്റം നടത്തുന്നത്. 20-ലേറെ കാറുകള്‍ ചാവക്കാട്, പൊന്നാനി മേഖലയില്‍ ഇയാള്‍ വേറെ ആളുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഒരാള്‍ക്ക് തന്നെ അഞ്ച് കാറുകള്‍ നല്‍കിയിട്ടുണ്ടെന്നു പറയുന്നു. ഒരേ സമയം കാറിന്റെ യഥാര്‍ഥ ഉടമകളെയും കാറിനായി പണം നല്‍കുന്നവരെയും വഞ്ചിക്കുന്ന രീതിയാണ് പ്രതിയുടേത്. കാറിനായി ഏറെ പേരില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും ചിലര്‍ക്ക് മാത്രമാണ് ഇയാള്‍ കാര്‍ നല്‍കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ കോതമംഗലം,പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ കാര്‍ നഷ്ടപ്പെട്ട പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്. കാറിനായി ഇയാള്‍ക്ക് പണം നല്‍കിയവരും രംഗത്തെത്തിയേക്കും.