പുന്നയൂര്‍ക്കുളം : കമലയായും മാധവിക്കുട്ടിയായും കമലാസുരയ്യയായും ലോകമറിഞ്ഞ എഴുത്തുകാരിയെ ഓര്‍ക്കാന്‍ നീര്‍മാതളത്തിന്റെ തണലില്‍ നൂറോളം എഴുത്തുകാരികള്‍ ഒന്നിക്കുന്നു. മലയാളി പറയാന്‍ പേടിച്ച വൈകാരികയാഥാര്‍ഥ്യങ്ങളെ തുറന്നെഴുതിയ കമലാസുരയ്യയുടെ ലോകവും പുതുലോകത്തെ സാഹിത്യചിന്തകളും പങ്കിടാനാണ് കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാരികള്‍ പുന്നയൂര്‍ക്കുളത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍  ഒത്തുചേരുന്നത്. കേരള സാഹിത്യ അക്കാദമിയാണ് സംഘാടകര്‍. മുതിര്‍ന്നവരും യുവത്വവും ഒന്നിക്കുന്ന കൂട്ടായ്മ ഒമ്പതിന് രാവിലെ പത്തിന് ജ്ഞാനപീഠ ജേതാവ് പ്രതിഭാറായിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സാറാ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ മൃദുല ഗാര്‍ഗ് (ഹിന്ദി), സല്‍മ (തമിഴ്), കെ.വി. ശൈലജ (തമിഴ്), ഒ.വി. ഉഷ, ഡോ.സുലോചന നാലപ്പാട്ട് തുടങ്ങിയവര്‍ മുഖ്യപ്രഭാഷകരായുണ്ട്. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ. ഉപഹാരസമര്‍പ്പണം നടത്തും. കമലയുടെ ആത്മനിഷ്ഠാ രചനകള്‍ എന്ന വിഷയത്തില്‍ മാധവിക്കുട്ടിയുടെ കഥകള്‍, നോവലുകള്‍, കവിതകള്‍, ആത്മഭാഷണങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യും. പ്രതിനിധികളുടെ കലാകൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്.