ചാവക്കാട്: തിരുവത്രയിൽ യുവതിയെ വീടിനകത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര ജീലാനി നഗറിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊന്നാനി നരിപ്പറമ്പ് സ്വദേശി പുതിയേടത്ത് ഖദീജ മകൾ തസ് ലി (17)യാണ് മരിച്ചത്. ഇന്നലെ  ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. ഖദീജ ഡോക്ടറെ കാണാൻ പോയതായിരുന്നു. സഹോദരൻ താരിഖ് തിരുവത്രയിലുള്ള കോഴിക്കടയിൽ ജോലിക്കു പോയിരുന്നു. ഇതോടെ വീട്ടിൽ ഒറ്റയ്ക്കായ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ  കൊളുത്തുകയായിരുന്നു. വാതിലിനിടയിലൂടെ പുകവരുന്നതു കണ്ട് അടുത്ത വീടുകളിൽ താമസിക്കുന്നവർ വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറക്കാതായപ്പോൾ ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്  മാറ്റി. തീ കൊളുത്താനുള്ള  കാരണം വ്യക്തമായിട്ടില്ല.