ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സംസ്ഥാന ബജററില്‍ 25 കോടി – ക്ഷേത്രനഗരിയില്‍ ആഹ്ലാദം
ഗുരുവായൂര്‍ : കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരാപ്പിനൊടുവില്‍ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് പച്ചക്കൊടി ഉയര്‍ന്നത് ക്ഷേത്രനഗരിയില്‍ ആഹ്ലാദം അലതല്ലി. സംസ്ഥാന ബജററില്‍ 25 കോടി രൂപ വകയിരുത്തിയതോടെ പാലം യാഥാര്‍ത്ഥ്യമാകുമെന്ന ആശ്വാസത്തിലാണ് ഗുരുവായൂര്‍ നിവാസികള്‍. രൂക്ഷമായ ഗതാഗത കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന ഗുരുവായൂരിന് ശാശ്വത പരഹിഹാരമെന്നോണം മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ട്രെയിന്‍ കടന്നുപോകുന്നതിനും ഷെഡിംഗിനുമായി ദിവസവും 36 തവണയാണ് ഗേറ്റടക്കുന്നത്. ഇത് മൂലം കിഴക്കേനടയില്‍ വാഹനങ്ങള്‍ക്ക് കാത്ത്‌കെട്ടി കിടക്കേണ്ട അവസ്ഥയാണ്. രോഗികളുമായെത്തുന്ന ആംബുലന്‍സുകളും പലപ്പോഴും ഇങ്ങനെ ഗേറ്റ് തുറക്കുന്നതും കാത്ത് കിടക്കാറുണ്ട്. ശബരിമല സീസണുകളിലും മറ്റു തിരക്കുള്ള ദിവസങ്ങലിലും വാഹനങ്ങളുടെ നിര കിലോമീറ്ററോളം വരും. അടഞ്ഞ ഗേറ്റ് തകരാറുമൂലം മണിക്കൂറുകളോളം തുറക്കാനാവാതെ വരുമ്പോള്‍ നഗരം വാഹനങ്ങളെകൊണ്ട് നിറയും. വാഹനങ്ങള്‍ ഗേറ്റിലിടിച്ചും അപകടങ്ങള്‍ പതിവാണ്. മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരപരിപാടികള്‍ക്കാണ് ക്ഷേത്രനരഗി സാക്ഷിയായിട്ടുള്ളത്. ഏറെ മുറവിളികള്‍ക്കൊടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. മേല്‍പ്പാലത്തിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയ നടപടിയെ നാട്ടുകാരും നഗരസഭ അധികൃതരും സ്വാഗതം ചെയ്തു. സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളുയര്‍ന്നു. നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടന്നു. ഗുരുവായൂരിന്റെ ഏറെ കാലമായുള്ള വികസന ആവശ്യത്തോട് ആദ്യ ബജറ്റില്‍ തന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിച്ചതായി ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി അറിയിച്ചു. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവിലാണ് സംസ്ഥാന ബജറ്റില്‍ മേല്‍പാലത്തിന് തുക വകയിരുത്തിയിട്ടുള്ളത്.
കിഴക്കെനടയില്‍ തൃശൂര്‍ – ഗുരുവായൂര്‍ റോഡിലാണ് മേല്‍പാലം നിര്‍മിക്കുന്നത്. ഏകദേശം 30 കോടിയാണ് പാലത്തിന്റെ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതി റെയില്‍വേ വഹിക്കാന്‍ തയ്യാറാണ്. നിര്‍മാണത്തിനും സ്ഥലം ഏറ്റെടുപ്പിനും കൂടിയാണ് 25 കോടിവകയിരുത്തിയിട്ടുള്ളത്. മേല്‍പാലത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ഏറെക്കാലമായി സമരത്തിലായിരുന്നു. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ മേല്‍പ്പാലത്തിന് തുക വകയിരുത്തിയത് എല്‍.ഡി.എഫിന് രാഷ്ട്രീയ നേട്ടമായി. രണ്ടാഴ്ച മുമ്പാണ് നഗരസഭ ഭരണാധികാരികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മേല്‍പ്പാലന് തുക വകയിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചത്. തൃശൂര്‍ – ഗുരുവായൂര്‍ – പാലയൂര്‍ ടൂറിസം വികസനത്തിനും പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 400 കോടി രൂപയുടെ പദ്ധതിക്ക് ആദ്യ വിഹിതമായി 50 കോടിരൂപ ബജറ്റില്‍ വകയിരുത്തി.
Comments are closed.