സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കാൻ : ചെറായി ജി യു പി സ്കൂളിൽ നിന്നും 1300 kg പച്ചക്കറി

തൃശൂർ : പത്ത് വർഷത്തിലൊരിക്കൽ മാത്രം തൃശ്ശൂർ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും സംഘാടകർക്കും രുചികരമായ ഭക്ഷണമൊരുക്കുന്നതിനായി കലവറ നിറയ്ക്കാൻ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ കുരുന്നുകളുടേയും അധ്യാപകരുടേയും പി.ടി.എ.യുടേയും കലവറയില്ലാത്ത സംഭാവന. ദേശഭക്തിഗാനത്തിലും മറ്റിനങ്ങളിലും റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും യു.പി.സ്കൂളുകൾക്ക് സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കാനാവാത്തതുകൊണ്ട് തൃശ്ശൂർ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്ത ചെറിയ സങ്കടം കുട്ടികൾക്കുണ്ട്. എങ്കിലും തങ്ങളെപ്പോലെ മറ്റു ജില്ലകളിൽ നിന്ന് കലോത്സവത്തിനെത്തുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാൻ പച്ചക്കറികളും നാളികേരവും കൊണ്ടുവരണമെന്ന നിർദ്ദേശം വന്നപ്പോൾ ഒട്ടും മടിയില്ലാതെ 2 ദിവസത്തിനുള്ളിൽ തങ്ങളുടെ വീട്ടിലെ കൃഷിയിടത്തിലുണ്ടായ നാളികേരവും പച്ചക്കായയും ചേനയും മത്തൻ, ചേന,, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളും കടകളിൽ പോയി വാങ്ങിക്കൊണ്ടുവന്ന സബോള, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ഇവ മതിയാകാതെ അധ്യാപകരും ഓഫീസ് സ്റ്റാഫും പി.ടി.എ.യും കൂടി കുട്ടികൾക്കൊപ്പം ചേർന്ന് പച്ചക്കറികൾ വാങ്ങി കൊണ്ടുവരുന്നതിൽ സന്മനസ്സ് കാണിച്ചപ്പോൾ ഒരു വണ്ടി നിറയെ 1200 കി.ഗ്രാമിലധികം പച്ചക്കറികൾ സംഭാവനയ്ക്കായി തയ്യാറായി.

രണ്ടാം ശനിയാഴ്ചയുടെ അവധിയായിട്ടും പ്രധാനാധ്യാപകനും 2 അധ്യാപകരും ഇക്കോ ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളും പി.ടി.എ., എസ്.എസ്.ജി. പ്രതിനിധികളും ചേർന്ന് പച്ചക്കറികളും നാളികേരവും ചാക്കിൽ കെട്ടുകളാക്കി ഭക്ഷണ കമ്മിറ്റി കലവറയിലേക്കുള്ള ടെമ്പോയിൽ കയറ്റിയയച്ച് സംതൃപ്തിയോടെ മടങ്ങി. ഇനി ഇതുപോലെ സംഭാവന ചെയ്യാൻ സ്കൂൾ വിദ്യാർത്ഥികളായി തങ്ങൾ ചെറായി ഗവ.യു.പി.സ്കൂളിൽ ഉണ്ടാവില്ലല്ലോ എന്ന ചെറിയ സങ്കടവും വിദ്യാർത്ഥികൾ അധ്യപകരുമായി പങ്കു വെച്ചു.

Comments are closed.