ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങൾ തകർത്തു; കലാശപ്പോരാട്ടത്തിന് യോഗ്യത നേടി അർജന്റീന

ലോകം കാത്തിരുന്ന തീപാറുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ വൻമതിൽ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന ഇഗ്ലണ്ടിനെ വീഴ്ത്തിയത്. മത്സരത്തിലുടനീളം പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ഒന്നാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. സൂപ്പർ താരം ലയണൽ മെസ്സിയെ പൂട്ടാൻ ഇംഗ്ലീഷ് പ്രതിരോധം കടുത്ത ടാക്ലിംഗുകളാണ് പുറത്തെടുത്തത്. കടുത്ത പോരാട്ടത്തിനൊടുവിൽ മുപ്പത്തിയേഴാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സണും നാൽപ്പത്തിരണ്ടാം മിനിറ്റിൽ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിനും മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചതിന് പിന്നാലെ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു.

രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിൽ (55′) സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇംഗ്ലണ്ടാണ് ആദ്യം ലീഡ് പിടിച്ചത്. ഹാരി കെയ്ൻ തുടങ്ങി വെച്ച നീക്കത്തിനൊടുവിൽ മോർഗൻ റോജേഴ്സിന്റെ അളന്നുമുറിച്ച ക്രോസ്സ് അന്തോണി ഗോർഡൻ അർജന്റീനയുടെ ഗോൾവലയിലേക്ക് തൊടുത്തുവിടുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ അർജന്റീന തങ്ങളുടെ തന്ത്രങ്ങൾ മാറ്റിപ്പണിതു. പരിശീലകൻ ലയണൽ സ്കലോണി പകരക്കാരനായി ലൗട്ടാരോ മാർട്ടിനെസിനെ കളത്തിലിറക്കിയത് മത്സരത്തിന്റെ ഗതി പൂർണ്ണമായി തിരിച്ചുവിട്ടു. മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ അർജന്റീന ഒപ്പമെത്തി. 85-ാം മിനിറ്റിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോൾ ഇംഗ്ലീഷ് വല കുലുക്കി മത്സരം സമനിലയിലാക്കി.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് ഇൻജുറി ടൈമിൽ (90+2′) കളിയിലെ ഏറ്റവും നാടകീയമായ ടേണിംഗ് പോയിന്റ് സംഭവിച്ചത്. പകരക്കാരനായി വന്ന് ഇംഗ്ലീഷ് ബോക്സിൽ നിരന്തരം ഭീതി പടർത്തിയ ലൗട്ടാരോ മാർട്ടിനെസ് തകർപ്പൻ ഫിനിഷിംഗിലൂടെ അർജന്റീനയ്ക്ക് വിജയഗോളും ഫൈനൽ ടിക്കറ്റും സമ്മാനിച്ചു. തുടരെ രണ്ട് ഗോളുകൾ വഴങ്ങി കളി കൈവിട്ടതോടെ 60 വർഷത്തിന് ശേഷം ലോകകപ്പ് ഫൈനലിൽ കടക്കാനുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് വീണ്ടും കണ്ണീരിലവസാനിച്ചു. ഈ വിജയത്തോടെ ജൂലൈ 19-ന് നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടും. ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്.


Comments are closed.