കാരുണ്യത്തിന്റെ കൈത്താങ്ങായി എടക്കഴിയൂർ എസ്.പി.സി കേഡറ്റുകൾ; അത്താണി മെഴ്സി ഹോമും വൃദ്ധസദനവും സന്ദർശിച്ചു

എടക്കഴിയൂർ: സഹജീവികളോടുള്ള കരുതലും കാരുണ്യവും അനുഭവിച്ചറിയുന്നതിന്റെ ഭാഗമായി എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസിലെ (SSMVHSS) സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തൃശ്ശൂർ അത്താണിയിലെ കാരുണ്യ ഭവനങ്ങളും വൃദ്ധസദനവും സന്ദർശിച്ചു. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ‘പോപ്പ് പോൾ മെഴ്സി ഹോം’ ‘പീസ് ഹോം’ ഓൾഡേജ് ഭവൻ എന്നിവിടങ്ങളിലാണ് കേഡറ്റുകൾ സ്നേഹസന്ദർശനം നടത്തിയത്.
സന്ദർശനത്തോടനുബന്ധിച്ച് കേഡറ്റുകൾ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവിഭവങ്ങളും സ്ഥാപന അധികൃതർക്ക് കൈമാറി. പോപ്പ് പോൾ മെഴ്സി ഹോം ഡയറക്ടർ ഫാദർ ജോൺസൺ അന്തിക്കാട്, പീസ് ഹോം ഓൾഡേജ് ഭവനിലെ സിസ്റ്റർ എൽസി എന്നിവരുടെ നേതൃത്വത്തിൽ കേഡറ്റുകളെ സ്വീകരിച്ചു.
തുടർന്ന് അന്തേവാസികളുമായി നേരിട്ട് സംവദിക്കാനും അവരുടെ വിശേഷങ്ങൾ പങ്കുവെക്കാനും കേഡറ്റുകൾക്ക് അവസരം ലഭിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ പ്രവർത്തനരീതികളും, അന്തേവാസികൾക്ക് അവിടെ ലഭിക്കുന്ന മികച്ച പരിചരണവും കരുതലും നേരിട്ട് കണ്ടുമനസ്സിലാക്കാൻ ഈ സന്ദർശനം കുട്ടികൾക്ക് സഹായകമായി.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ (CPO) പി.കെ. സിറാജുദ്ദീൻ, പി.എം. ഷാജിന, സ്കൂൾ ചാരിറ്റി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സാന്റി മാസ്റ്റർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. സമൂഹത്തിലെ ആലംബഹീനരായ മനുഷ്യരോട് സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയായി വളരാൻ കേഡറ്റുകൾക്ക് വലിയൊരു പ്രചോദനമായി ഈ യാത്ര മാറി.




Comments are closed.