വിദ്യാരംഭ ദിനത്തിൽ വാദ്യ പ്രതിഭകൾക്ക് സ്നേഹാദരം നൽകി

ഗുരുവായൂർ: വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടനുബന്ധിച്ച് ശ്രീകൃഷ്ണഭവൻ ഗ്രൂപ്പും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച വിജയദശമി വിളക്കും സ്നേഹാദര സമർപ്പണസദസ്സും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ പ്രമുഖ വാദ്യശ്രേഷ്ഠ പ്രതിഭകളെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.മഞ്ജുളാൽത്തറ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശ്, വാദ്യചാര്യ പയ്യന്നൂർ സുധി, ഇലത്താളാചാര്യൻ ഏഷ്യാഡ് ശശി, കുറുംകുഴൽ വിദ്വാൻ പനമണ്ണ മനോഹരൻ, കൊമ്പ് വാദന പ്രതിഭ മച്ചാട് മണികണ്ഠൻ, പി. മുരളീധരമാരാർ എന്നിവർക്കാണ് ചടങ്ങിൽ ആദരവമർപ്പിച്ചത്.വിളക്കത്തോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നാരായം കുളങ്ങര വനിതാ സംഘത്തിന്റെ കലാവിരുന്നും മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത-കൈകൊട്ടിക്കളി അവതരണങ്ങളും നടന്നു. ഈ കലാകാരികൾക്കും ക്ഷേത്രത്തിനകത്ത് വാദ്യത്തിൽ അണിചേർന്ന കലാകാരന്മാർക്കും വേദിയിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരിഗോപാൽ, മുൻ എം.പി.യും എഴുത്തുകാരനുമായ ടി.എൻ. പ്രതാപൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ശാരി കിഷോർ എന്നിവർ ചേർന്ന് ഉപഹാരവിതരണം നിർവഹിച്ചു.വിളക്ക് കമ്മിറ്റി സാരഥികളായ ഒ.കെ.ആർ. മണികണ്ഠൻ, വേണു നമ്പീശൻ, ബാലൻ വാറണാട്ട്, ടി.വി. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ആദരസമർപ്പണത്തിനുശേഷം വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശും യുവ വാദ്യപ്രതിഭകളും ചേർന്ന് അവതരിപ്പിച്ച ഒന്നര മണിക്കൂർ നീണ്ട തായമ്പക കാണികളിൽ ആരവാവേശമുണർത്തി. വിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിനകത്ത് മേളം, തായമ്പക, നാദസ്വരം, എഴുന്നെള്ളിപ്പ് തുടങ്ങിയ ആചാരനുഷ്ഠാന അനുബന്ധ ചടങ്ങുകളും നടന്നു. ക്ഷേത്രത്തിനകത്ത് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ വാദ്യപ്രതിഭകളുമായി ഒത്തുചേർന്നു.




Comments are closed.