
പനി അടിമ
ചാവക്കാട്: പുറംകടലില്‍ ബോട്ടില്‍ നിന്ന് വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം ഹൊസവള കോളനിയില്‍ പരേതനായ ലൂയിസിന്റെ മകന്‍ പനി അടിമ(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ ഏങ്ങണ്ടിയൂര്‍ പൊക്കാഞ്ചേരി ഭാഗത്തെ തീരക്കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വള്ളക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ മുനക്കകടവ് തീരദേശ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പനി അടിമ വീണ ബോട്ടിലെ തൊഴിലാളികള്‍ക്ക് മൃതദേഹം ഒഴുകി നടക്കു സ്ഥലത്തെകുറിച്ച് പോലീസ് സൂചന നല്‍കി. പനി അടിമയെ കാണാതായ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ബോട്ടുമായി ഇവര്‍ കടലിലങ്ങോളം തിരച്ചിലിലായിരുന്നു. രാവിലെ പത്തോടെ ഇവര്‍ പനി അടിമയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഇവര്‍ തന്നെയാണ് മൃതദേഹം ബോട്ടില്‍ കയറ്റി മുനക്കകടവ് ഹാര്‍ബറിലെത്തിച്ചത്. പതിനൊന്നു മണിയോടെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ മൃതദേഹം എത്തിച്ചു.
അഴീക്കോട് തീരദേശ പോലീസ് സി.ഐ. പി.ആര്‍.ബിജോയ്, എസ്.ഐ. വി.സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പരിശോധന നടത്തി. എന്നാല്‍ അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ ഫോറന്‍സിക് പരിശോധന നടത്താനുള്ള സൗകര്യമില്ലെന്നു പറഞ്ഞ് ആസ്പത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് തയ്യാറായില്ല. ഇതിനാല്‍ ഉച്ചക്ക് മൂന്നോടെ തൃശ്ശൂര്‍ മുളങ്കുത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തിരുവനന്തപുരം പൂവ്വാര്‍ സ്വദേശി സിസിലേറ്റ് ആണ് പനി ഉടമയുടെ ഭാര്യ. മക്കള്‍: സുജാന, സുജന്‍, സുജി.