ചാവക്കാട്: തിരുവത്ര പുതിയറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അപകട സമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ മാറ്റി മറ്റൊരാളെ പ്രതിചേര്‍ക്കനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. പാലയൂര്‍ കണ്ണിക്കുത്തി സ്വദേശിയായ യുവാവാണ് ഇന്നലെ ചാവക്കാട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എന്നാല്‍ വിവരമറിഞ്ഞെത്തിയ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധുക്കളും നാട്ടുകാരും ഇയാളായിരുന്നില്ല വാഹനമോടിച്ചിരുന്നതെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ആള്‍മാറാട്ടം നടത്താന്‍ ഒന്നര ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായി ഇയാള്‍ പറഞ്ഞു.
യഥാര്‍ത്ഥ പ്രതിയായ ഗുരുവായൂർ കാരക്കാട് പൂക്കിലത്ത് ഷഹീറിനെ (40) ചാവക്കാട് പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് അറസ്റ്റ്.
തിരുവത്ര കോട്ടപ്പുറത്ത് കാളീരകത്ത് ബാഹുലേയൻ മകൻ വിവേകാണ് (18) വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥിയെ ഇടിച്ച വാഹനത്തിന്‍റെ ഇന്‍ഷുറന്‍സും ഓടിച്ചിരുന്നയാളുടെ ലൈസന്‍സിന്‍റെ കാലാവധിയും കഴിഞ്ഞിട്ട് നാളുകളായി.