ചാവക്കാട്: മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ നവീകരിക്കണമൊവശ്യപ്പെട്ട് ലേബര്‍ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കി. നൂറുകണക്കിന് ബോട്ടുകളും നിരവധി വള്ളങ്ങളും മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്‍ഡിങ് സെന്ററില്‍ മൂന്നോ നാലോ ബോട്ടുകളോ വള്ളങ്ങളോ കെട്ടുവാനുള്ള സൗകര്യം മാത്രമാണ് നിലവിലെ പ്ലാറ്റ്‌ഫോമിനുള്ളത്. ബാക്കിയുള്ളവ ഒന്നിനോടൊന്ന് ചേര്‍ത്ത് കെട്ടിവേണം മത്സ്യം ഇറക്കാന്‍. അഞ്ചും ആറും ബോട്ടുകള്‍ താണ്ടി മത്സ്യം ഇറക്കുന്നത് ദുരിതമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനെ ചൊല്ലി മത്സ്യതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നതും പതിവാണ്. സ്വകാര്യവ്യക്തിയില്‍ നിന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ലഭ്യമാക്കിയിട്ടുള്ള സ്ഥലത്ത് പ്ലാറ്റ്‌ഫോം പണിതാല്‍ മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനാവുമെന്ന് നിവേദനത്തില്‍ പറയുന്നു. മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ ലേബര്‍ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡന്റ് പി.എ.സിദ്ധി, ജനറല്‍ സെക്രട്ടറി കെ.കെ.ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.