ചാവക്കാട്: മണത്തല ജുമാമസ്ജിദിനു സമീപം ദേശീയപാത 17ല്‍ ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കാസര്‍കോട് കാഞ്ഞങ്ങാട് വലിയേറ്റില്‍ രാജേഷ് ബേബി (42), അമ്മ സിസിലി ബേബി (68), ബന്ധുക്കളായ ഇഴാറത്ത് ജോമോന്‍ (43), വലിയേറ്റില്‍ സുബിന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടക്കഴിയൂര്‍ ലൈഫ്കെയര്‍ വളണ്ടിയേഴ്സ് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വ്യാഴാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് കോട്ടയത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടയിനര്‍ ലോറിയിലാണ് ഇടിച്ചത്. ഇന്നോവാ കാര്‍ നിയന്ത്രണമില്ലാതെ വരുന്നത് കണ്ടതോടെ കണ്ടയിനര്‍ ലോറി റോഡില്‍ ഒതുക്കി നിറുത്തിയിട്ടെങ്കിലും കാര്‍ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കാര്‍ യാത്രികനായ ജോമോന്‍റെ കാലിന്‍റെ എല്ല് പൊട്ടിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന സുബിനെ പുറത്തെടുക്കാന്‍ ഒരുമണിക്കൂര്‍ നേരത്തെ ശ്രമം വേണ്ടിവന്നു. തൊട്ടടുത്ത വൈദ്യുതി വിഭാഗം ഓഫീസില്‍ നിന്നും ഇരുമ്പ് ലിവറുകളും മറ്റു സാമഗ്രികളും കൊണ്ടുവന്ന് വെട്ടിപ്പൊളിച്ചും കയര്‍കെട്ടിവലിച്ചും തകര്‍ന്ന ഭാഗങ്ങള്‍ പറിച്ചെടുത്താണ് മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ നിന്നും സുബിനെ പുറത്തെടുത്തത്. ചാവക്കാട് പോലീസും, ഹൈവേപോലീസും, നാട്ടുകാരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

രാജേഷ് ബേബിയുടെ കോട്ടയത്തുള്ള ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ഭാര്യ ഒരാഴ്ച്ച മുന്‍പേ കോട്ടയത്തേക്ക് പോയിരുന്നു. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും അത്ഭുതകരമായാണ് യാത്രികര്‍ രക്ഷപ്പെട്ടത്. ഹൈവേ എസ് ഐ എം കെ അബൂബക്കര്‍, സി പി ഒ മാരായ കബീര്‍, സൂരജ്, ചാവക്കാട് പോലീസ് സീനിയര്‍ സി പി ഒ സന്തോഷ് കുമാര്‍, സി പി ഒ ജിബിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗുരുവായൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റും സംഭവസ്ഥലത്തെത്തിയിരുന്നു. സുബഹി നിസ്‌കാരത്തിനായി തൊട്ടടുത്ത പള്ളിയില്‍ എത്തിയവരും, വൈദ്യുതി ഓഫീസിലെ ജീവനക്കാരുമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത്.