ചാവക്കാട് : എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിനെ പുന്ന നൗഷാദിന്റെ സംഘം മര്‍ദ്ദിച്ചതാണ് കൊലയ്ക്കു കാരണമെന്ന് അറസ്റ്റിലായ പ്രതി മുബീന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൃത്യം നടത്തിയതെന്നും അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുബീന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെ കുറിച്ച് ഇയാളില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കുന്നംകുളം എ.സി.പി ടി.എസ് സിനോജും സംഘവും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മുബീനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുബീനുമൊത്ത് ഇന്ന് ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. പുന്നയിലെ സംഭവസ്ഥലത്തും എടക്കഴിയൂര്‍ നാലാംകല്ലിലുള്ള വീട്ടിലും കൊണ്ടുപോയായിരുന്നു തെളിവെടുപ്പ്. ആക്രമണത്തിനായി ഉപയോഗിച്ച ആയുധം വീടിനടുത്തെ പാടത്തു നിന്നും ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. മാധ്യമങ്ങൾക്ക് മുന്നിലും പ്രതിയെ കൊണ്ടുവന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴു ബൈക്കുകളിലായെത്തിയ 13 അംഗ സംഘം നൗഷാദ് അടക്കം നാലു പേരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ നൗഷാദ് ബുധനാഴ്ച മരിക്കുകയായിരുന്നു.

https://youtu.be/wNYAc7A7qE4