ചാവക്കാട്: ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയില്‍ പുതിയ സൂപ്രണ്ടിനെ നിയമിച്ചതായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അറിയിച്ചു. ഡോ.ആര്‍. രമ്യയാണ് പുതിയ സൂപ്രണ്ടായി ചുമതലയേല്‍ക്കുന്നത്. താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്ന് എം.എല്‍.എ. പറഞ്ഞു. മുന്‍ സൂപ്രണ്ട് മാറിപ്പോയതിന് ശേഷം മൂന്ന് മാസത്തിലേറെയായി ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റായ കെ.ആര്‍. ഗീതയാണ് താത്കാലികമായി സൂപ്രണ്ടിന്റെ ചുമതല നിര്‍വഹിച്ചിരുന്നത്. ആസ്പത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഗൈനക്കോളജിസ്റ്റായ താത്കാലിക സൂപ്രണ്ടിന് ഗൈനക്കോളജിസ്റ്റിന്റെ ജോലിയും സൂപ്രണ്ടിന്റെ ചുമതലയും വഹിക്കേണ്ടതിനാല്‍ ആസ്പത്രിയുടെ ദൈനംദിന കാര്യങ്ങള്‍പോലും താളംതെറ്റുന്ന സ്ഥിതിയായിരുന്നു.