ആറു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ആറു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ചാവക്കാട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആറു വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. പെരുമ്പടപ്പ് അയിരൂര്‍ ആലുങ്ങല്‍ മുഹമ്മദ് ഷാഫി(32)യെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷ്, വടക്കേക്കാട് എസ്‌ഐ പി.കെ. മോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2011-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം ആറുമാസം മുമ്പാണ് പുറത്തറിയുന്നത്. പീഡനത്തിനിരയായ ശേഷം നിരന്തരമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ ഭയന്ന് വിവരം പുറത്തുപറയാന്‍ തയ്യാറായിരുന്നില്ല. ആറുമാസം മുമ്പ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി സ്‌ക്കൂള്‍ അധികൃതരെ അറിയിക്കുമ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. പ്രതിക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്കു വേണ്ടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. വിദേശത്ത് നിന്ന് ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ ചാവക്കാട് പോലീസിന് കൈമാറി.

Comments are closed.