ചാവക്കാട് : അതിർത്തി തർക്കത്തെ തുടർന്ന് വീട്ടിൽ കയറി ആക്രമണം യുവതി ഉൾപ്പെടെ മൂന്നു സഹോദരങ്ങൾക്ക് പരിക്ക്. പരിക്കേറ്റ ഒരുമനയൂർ കരുവാരകുണ്ടിൽ തെരുവത്ത് വീട്ടിൽ ഉസ്മാൻ മകൾ സെജി (36), സഹോദരങ്ങളായ അബുതാഹിർ (38), അമീർ (24) എന്നിവരെ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയുടെ പറമ്പിൽ നിന്നും ഉസ്മാന്റെ വീട്ടുവളപ്പിലൂടെ തൊട്ടടുത്ത മുല്ലപ്പുഴയിലേക്ക് തോട് കീറുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി തർക്കമുള്ളതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചാവക്കാട് സിവിൽ കോടതിയിൽ കേസ് നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ ഒൻപതു മണിയോടെ ഗുണ്ടകളുമായി എത്തി എതിർ വിഭാഗം ഉസ്മാന്റെ വീടിനു പുറകുവശത്ത് കൂടെ ചാലു കീറാൻ ശ്രമം നടത്തിയത്. ഇത് കണ്ടുവന്ന ഉസ്മാന്റെ മകൾ സജി ശ്രമം തടയുകയും കയ്യേറ്റം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ തർക്കം ഉന്തുംതള്ളുമാവുകയും സജിയുടെ ഷാൾ പിടിച്ചു വലിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി പറയുന്നു. ഇത് കണ്ടു തടയാൻ ഓടിയെത്തിയ സഹോദരൻ അമീറിനെ തൂമ്പയുടെ ഇരുമ്പ് താഴ കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തടയാനെത്തിയ മറ്റൊരു സഹോദരൻ അബുതാഹിറിനും തലക്ക് അടിയേറ്റു. ചാവക്കാട് പോലീസ് കേസെടുക്കാൻ മടിക്കുന്നതായി ബന്ധുക്കൾ ആക്ഷേപിച്ചു.