ഗുരുവായൂർ : ലോക മാതൃഭാഷാ ദിനമായ ഇന്ന്  സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ നസീം പുന്നയൂരിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലം ചെയർമാൻ എം.ബി.സുധീർ പൊന്നാടയണിയിച്ചു. ജനറൽ കൺവീനർ എ.കെ.സതീഷ് കുമാർ, മുഹമ്മദ് ഹുസൈൻ, പി.കെ.ഹസൻ തുടങ്ങിയവർ സംബന്ധിച്ചു. മാതൃഭാഷാ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത് സങ്കുചിതമായ ഭാഷാ പ്രേമമല്ലെന്നും ഓരോ സമൂഹത്തിന്റേയും അവകാശങ്ങൾ അംഗീകരിക്കലാണെന്നും പല ഭാഷകളിൽ പ്രാവീണ്യം നേടുന്ന മലയാളികൾ മാതൃഭാഷയോടു് ധാത്രീ മനോഭാവം വെച്ചു പുലർത്തുന്നത് കാപട്യം കൊണ്ടാണെന്നും അനുമോദന ഭാഷണം നടത്തിയ ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 21 മാതൃഭാഷാ ദിനമായാചരിക്കാൻ യുനെസ്കോ തീരുമാനിച്ചത് 1999ലാണ്. ഭൂരിപക്ഷ ഭാഷയായ ഉർദു ഏക ഔദ്ധ്യോഗിക ഭാഷയാക്കി മാറ്റാനുള്ള പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യപരമായ തീരുമാനത്തിനെതിരെ ഡക്ക യൂണിവേഴ്സിറ്റിയിലെ ആരോഗ്യ ശാസ്ത്ര വിദ്യാർത്ഥികൾ നടത്തിയ ഐതിഹാസികവും രക്തരൂക്ഷിതവുമായ സമരം തുടങ്ങിയത് 1952 ഫെബ്രുവരി 21 നായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്യം എന്ന ആശയത്തിന് തുടക്കമിടുന്നതായി പിന്നീട് ഇത് പരിണമിക്കുകയാണുണ്ടായി. ആ രാഷ്ട്രത്തിന്റെ ശ്രമഫലമായാണ് 1999 ൽ യുനെസ്കോ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും തനത് ഭാഷകൾ നിലനില്പിന്റെ സംത്രാസത്തിലാണ്. ഭാരതത്തിലും നൂറിലേറെ സംസാരഭാഷകൾ ഉന്മൂലന ഭീഷണി നേരിടുകയുമാണ്. ഭാഷാ വൈവിദ്ധ്യം കൊണ്ട് ഭാരതമാണ് ലോകത്തിന് മാതൃകയെങ്കിലും ഏറ്റവും അധികം ഭാഷകൾ ഔദ്യോഗിക ഭാഷയായംഗീകരിച്ച ദക്ഷിണാഫ്രിക്കയാണ് ഭാഷാ പരിപോഷണത്തിന്റെ കാര്യത്തിൽ വിശ്വമാതൃകയെന്ന്  ബദറുദ്ദീൻ ഗുരുവായൂർ തുടർന്നു പറഞ്ഞു. കവി കൂടിയായ നസീം പുന്നയൂർ മഹാകവി വള്ളത്തോളിന്റെ “എന്റെഭാഷ” എന്ന വിഖ്യാതമായ കവിത ചൊല്ലി കൃതജ്ഞത  രേഖപ്പെടുത്തി.