ചാവക്കാട്: എടക്കഴിയൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. എസ്ഡിപിഐ പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷമീറിനെ(25)യാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ എടക്കഴിയൂര്‍ യുപി സ്‌കൂളിനടുത്ത് വെച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം ഷെമീറിനെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു. ഷമീറിനെ ചാവക്കാട് മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈക്കും പുറത്തും നിരവധി വെട്ടേറ്റിട്ടുണ്ട്. 32 തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ പുറത്തു നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു എസ് ഡി പി ഐ നേതാക്കള്‍ ആരോപിച്ചു. സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന മേഖലയില്‍ ആക്രമണം അഴിച്ചുവിട്ട് സംഘര്‍ഷത്തിനു മുതിരുന്ന സിപിഎം തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.
എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്ത പക്ഷം ജനകീയ സമര പരിപാടികളുമായി എസ്ഡിപിഐ രംഗത്തു വരുമെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എസ്ഡിപിഐ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സെക്കരിയ, ബഷീര്‍, സുബൈര്‍ മന്ദലാംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. എടക്കഴിയൂര്‍ നാലാകല്ലില്‍ നിന്നും ആരംഭിച്ച പ്രകടനം പഞ്ചവടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം എം ഫറൂഖ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ടി എം അക്ബര്‍ സംസാരിച്ചു