ചാവക്കാട്: പുന്നയില്‍ ഏഴംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരിക്ക്.
പുന്ന നാലകത്ത് ബഷീറിന്റ ഭാര്യ ഷാജിത (48), മകന്‍ ഷബീര്‍ (24) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇവര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച വൈകുന്നരം അഞ്ചോടെയാണ് സംഭവം. ഷബീറിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഏഴോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് തടയാനെത്തിയപ്പോഴാണ് ഷാജിതയെ ആക്രമിച്ചത്. ഇതു കണ്ട് നിലവിളിച്ചെത്തിയ രണ്ട് സഹോദരിമാരെയും സംഘം ആക്രമിച്ചതായി ഷബീര്‍ പറഞ്ഞു.
ഈ സംഭവത്തിനു മുമ്പ് എടക്കഴിയൂര്‍ ഭാഗത്ത് പോയി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി ഷബീറിന്റെ ബൈക്കിനെ മറികടന്ന് അതിവേഗം വന്ന മറ്റൊരു ബൈക്ക് ഷബീറിന്റെ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് സംഘം ആക്രമിച്ചതെന്ന് ഷബീര്‍ പറഞ്ഞു. ചാവക്കാട് പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.