ചാവക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതെന്നു സി.പി.എം. തിങ്കളാഴ്ച്ച രാത്രി എടക്കഴിയൂര്‍ യു.പി സ്‌കൂള്‍ പരിസരത്ത് നാലകത്ത് ഹനീഫയുടെ മകന്‍ ഷമീറിന് വെട്ടേറ്റത് പിന്നില്‍ സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എ.സി.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയത്. ഷമീറിന് വെട്ടേറ്റുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന സംഭവസ്ഥലത്ത് ഒരു തരത്തിലുമുള്ള സംഘര്‍ഷവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു സംഭവം നടന്നതായി പരിസരവാസികളും അറിഞ്ഞിട്ടില്ല. എന്നാല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഷമീര്‍ ഒരു കേസില്‍ ജാമ്യം കിട്ടി കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. എടക്കഴിയൂരിലെ കല്ല്യാണ ഹാളില്‍ വെച്ച് യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ ഒന്നാം പ്രതിയായിരുന്നു. ഇതിന്റെ കൗണ്ടര്‍ കേസുണ്ടാക്കുന്നതിന് എസ്.ഡി.പി.ഐ ബോധപൂര്‍വമുണ്ടാക്കിയതാണ് ആക്രമിച്ചെന്ന സംഭവം. തീരമേഖലയില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാക്കാനും സ്വൈര്യജീവിതം തകര്‍ക്കാനുമുള്ള എസ്.ഡി.പി.ഐയുടെ നീക്കത്തിന്റെ ഭാഗമാണ് ആരോപണത്തിനു പിന്നിലെന്നും സി.പി.എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി കെ.ബി. ഫസലുദ്ധീന്‍ അറിയിച്ചു.