Header

അവതാര വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി

ഗുരുവായൂര്‍ : അമ്പാടി കണ്ണന്റെ പിറന്നാള്‍ സുദിനത്തിന് മുന്നോടിയായി ഗുരുപവനപുരിയെ അമ്പാടിയാക്കിയ അവതാര വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി. ഗുരുവായൂര്‍ അഷ്ടമി രോഹിണി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അവതാര വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. വൈകീട്ട് അഞ്ചുമണിയോടെ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പൗരപ്രമുഖരും, ആചാര്യന്മാരും, വിവിധ മഠാധിപതികളും, സന്യാസി ശ്രേഷ്ഠരും മുന്‍ നിരയില്‍ അണിനിരന്നു. അര്‍ജുന നൃത്തം, തുള്ളല്‍ത്രയം, കഥകളി വേഷധാരികള്‍, നാടന്‍ കലാരൂപങ്ങള്‍, കുതിരകളി, പൂക്കാവടി, കളരിപ്പയറ്റ് തുടങ്ങിയവ പുറകിലായി നീങ്ങി. നൂറ് കണക്കിന് രാധാ-കൃഷ്ണ വേഷമണിഞ്ഞ കുട്ടികളും ഗോപികാനൃത്തവും ഘോഷയാത്രക്ക് വര്‍ണ്ണ പകിട്ടേകി. കേരളീയ വേഷമണിഞ്ഞ 1001 സ്ത്രീകള്‍ അണിനിരന്ന താലവും ഘോഷയാത്രയക്ക് പ്രൗഡിയേകി. നാദസ്വരം, ഉടുക്ക്പ്പാട്ട്, ഭജന എന്നിവ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. വഴിനീളെ നിലവിളക്കും നിറപറയും ഒരുക്കി ഭക്തര്‍ ഘോഷയാത്രയെ വരവേറ്റു. ഘോഷയാത്രയിലുടനീളം പാല്‍പായസവും അപ്പവും വിതരണം ചെയ്തു. മമ്മിയൂരില്‍ നിന്നാരംഭിച്ച ഘോഷയാത്ര പടിഞ്ഞാറെ നടയിലെത്തി ഇന്നര്‍റിംഗ്‌റോഡ് വഴി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഡോ.എ. ഹരിനാരായണന്‍, അഡ്വ. മുള്ളത്ത് വേണുഗോപാല്‍, അഡ്വ.പി.ഭാസ്‌കരന്‍, വി.കെ.എസ്.ഉണ്ണി, കോമത്ത് നാരായണപണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.