ഖാസിം സയിദ്
ചാവക്കാട്: കുട്ടിക്കളികള്‍ക്ക് ഇനി അവധി, അവധിക്കാലത്തിനു സുല്ലിട്ട് തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും വോട്ടെടുപ്പിനു ശേഷം വ്യാഴാഴ്ച്ച വരാനിരിക്കുന്ന ഫലവും രാഷ്ട്രീയ കക്ഷി നേതാക്കളെയും അവരുടെ പ്രവര്‍ത്തകരെയും കണക്കൂട്ടലുകളില്‍ തളിച്ചിടുമ്പോള്‍ അവധിക്കാലം കഴിഞ്ഞു കുട്ടികളെ വീണ്ടും സ്കൂളിലേക്കയാക്കാനുള്ള ഒരുക്കത്തിലാണ് വീട്ടമ്മമാരും കുട്ടികളും.
നഗരമുറങ്ങുന്ന ഞായറാഴ്ച്ച അവധി ഒഴിവാക്കിയാണ് ഇത്തവണ സ്കൂള്‍ ബാഗുകളും കുടകളും വില്‍ക്കുന്ന കടകള്‍ തുറന്നുവെച്ചത്. തെരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ചാവക്കാട് നഗരം വിദ്യാര്‍ത്ഥികളുടേയും അമ്മമാരുടെയും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള കുടകളും ബാഗുകളുമാണ് എല്ലാ കടകളിലും മുന്‍ഭാഗത്തായി പ്രദര്‍ശിപ്പിക്കുന്നത്. സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ബ്രാന്‍റഡ് കുടകള്‍ക്കാണ് ഇത്തവണയും വന്‍ ഡിമാന്‍റ്. 260 മുതല്‍ 280രൂപവരേയാണ് മുന്തിയ കുടകളുടെ വില. എന്നാല്‍ ഇത്തവണ മുംബൈയില്‍ നിന്നത്തെിയ പല നിറത്തിലുള്ള കുടകളും വിപണിയിലുണ്ട്. ബ്രാന്‍റഡ് കുടകളെക്കാള്‍ വിലകുറവുള്ളതിനാല്‍ ഇവ വാങ്ങാനും വിദ്യാര്‍ത്ഥികളുണ്ട്. സ്കൂബി ബാഗുള്‍പ്പടെ ബാഗുകള്‍ക്കു ചുറ്റുമാണ് വീട്ടമ്മമാര്‍ ഏറെ സമയം ചെലവിടുന്നത്. 340 മുതല്‍ 500 വരേയാണ് പരസ്യത്തിലും പ്രചാരണത്തിലുമുള്ള ബാഗുകള്‍ക്ക് ഈടാക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സ്പൈഡര്‍മാന്‍, മിക്കി മൗസ്, ഹല്‍ക്ക്, ബെന്‍ടണ്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പതിച്ച ബാഗുകളും വിപണിയിലത്തെിയിട്ടുണ്ട്. ചൈനയില്‍ നിര്‍മ്മിച്ച ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ത്രിമാന ചിത്രം എമ്പോസ് ചെയ്ത് നാട്ടിലത്തെിച്ച് ബാഗുകള്‍ക്ക് മുന്‍ബാഗത്ത് തുന്നിപ്പിടിപ്പിച്ചാണ് ഇവ വിപണിയിലിറക്കിയിട്ടുള്ളത്.
ബാഗുകള്‍ക്കും കുടകള്‍ക്കും വില വര്‍ദ്ധനവുണ്ടെങ്കിലും നോട്ടു പുസ്തകങ്ങള്‍ക്കും പേന, പെന്‍സില്‍ തുടങ്ങിയവക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്യമായ വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഈ രംഗത്ത് വ്യാപാരം ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിലെ ഫായിസ് പൊന്നോത്ത് പറഞ്ഞു. ഗള്‍ഫില്‍ നല്ല സാധനങ്ങള്‍ ലഭിക്കുമെങ്കിലും കട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ നല്ലത് നാട് തന്നെയാണെന്നാണ് കുട്ടികളുമായി ബാഗുകളും മറ്റും വാങ്ങാനത്തെിയ മണത്തല സ്വദേശി മടപ്പേന്‍ ഷറഫുദ്ധീന്‍്റെ അഭിപ്രായം. സാധനങ്ങള്‍ വാങ്ങി കെട്ടിപ്പൊതിഞ്ഞ് നാട്ടിലത്തെിക്കുന്ന പ്രയാസമൊഴിവാക്കാനും ഇതാണ് നല്ലതെന്നും അബൂദാബിയില്‍ ജോലി ചെയ്യുന്ന ഷറഫുദ്ധീന്‍ വ്യക്തമാക്കി.

