ചാവക്കാട് : കുറുക്കൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിടിച്ച് കുറുക്കന്റെ കാലൊടിഞ്ഞു.
ചങ്ങരംകുളം സ്വദേശികളായ കണക്കാക്കൽ വീട്ടിൽ മുഹമ്മദിന്റെ മകൻ ബാദുഷ (18), സുഹൃത്ത് കോഴിക്കര കൊളാടിക്കൽ വീട്ടിൽ ബിലാൽ(23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെ ചാവക്കാട് കോടതിപ്പടിക്കടുത്തു വെച്ചാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഏതോ ഒരു ജീവിയുടെ മേൽ ബൈക്കിടിച്ചു എന്ന് മാത്രമേ അപകടത്തിൽ പെട്ട യുവാക്കൾക്ക് അറിയുമായിരുന്നുള്ളൂ. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരിയാണ് പരിസര നിരീക്ഷണം നടത്തി ആളൊഴിഞ്ഞ പറമ്പിൽ കാലൊടിഞ്ഞ കുറുക്കനെ കണ്ടെത്തിയത്. ആളനക്കം കണ്ടയുടെന ഒടിഞ്ഞ മുൻകാലുമായി കുറുക്കൻ ഇഴഞ്ഞു രക്ഷപ്പെടാൻ ശ്രമം നടത്തി അവശനായി ഒരിടത്ത് കിടന്നു. ഓടിക്കൂടിയ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് പിന്നീട് എപ്പഴോ പൊന്തക്കാട്ടിൽ മറഞ്ഞു.
രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങി സഞ്ചരിച്ചിരുന്ന പല ജീവികളെയും പകൽ വെളിച്ചത്തിൽ ജനവാസകേന്ദ്രങ്ങളിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.