ഗുരുവായൂര്‍ : കൊട്ടിക്കലാശത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ നില നില്‍ക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കിഴക്കേനടയാണ് കൊട്ടികലാശത്തിന് തെരഞ്ഞെടുത്തതെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പടിഞ്ഞാറെനടയിലാണ് ആവേശം വാരി വിതറിയത്. ചാവക്കാട് കൊട്ടികലാശമുള്ളതിനാല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊട്ടികലാശത്തില്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതയും പങ്കെടുത്തു. നാസിക് ഡോളിന്റെയും കാവടികളുടെയും അകമ്പടിയോടെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി പ്രവര്‍ത്തകര്‍ പടിഞ്ഞാറെ നടയിലെത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ ബൈക്ക് റാലിയുമായെത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പടിഞ്ഞാറെനട കയ്യടക്കി. ഇതിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ബൈക്ക് റാലി പടിഞ്ഞാറെ നടയിലെത്തി. സംഘര്‍ഷ സാധ്യത കണക്കിലെത്ത് യു.ഡി.എഫ് പ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഒടുവില്‍ കനത്ത ബന്തവാസൊരുക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കടന്നു പോകാന്‍ പോലീസ് അവസരമൊരുക്കി. ഇതേസമയം ഇരു വിഭാഗങ്ങളിലുംപെട്ട പ്രവര്‍ത്തകര്‍ പരസ്പരം മുദ്രാവാക്യം വിളിച്ചതോടെ ആവേശം അതിര് കടക്കുമെന്ന അവസ്ഥയിലായി. പോലീസും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് പ്രവര്‍ത്തകരെ നിയന്ത്രിച്ച് ശാന്തരാക്കി. ഇതിനിടെ പടിഞ്ഞാറെനടയില്‍ ഗതാഗത കുരുക്കിലകപെട്ട രോഗിയുമായെത്തിയ ആമ്പുലന്‍സിന് ഇരു മുന്നണിയില്‍പെട്ട പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വഴിയൊരുക്കി.
നൂറോളം ബൈക്കുകളുടെ അകമ്പടിയില്‍ അലങ്കരിച്ച വാഹനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയും റാലിയിലുണ്ടായിരുന്നു. ഔട്ടര്‍ റിംഗ് റോഡ് ചുറ്റിയ യു.ഡി.എഫ് റാലി കിഴക്കേനടയില്‍ സമാപിച്ചു. മാറ്റത്തിന്റെ മാറ്റൊലിയുമായി അഞ്ചങ്ങാടി ബുഖാറയില്‍ നിന്നും ആരംഭിച്ച റാലിയില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് നൂറുകണക്കിന് യുവാക്കള്‍ പങ്കാളികളായി. ചാവക്കാട് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ്‌ റാലി ഗുരുവായൂരിലേക്ക് തിരിച്ചത്. ഗതാഗതം തടസപെടാതിരിക്കാന്‍ നൂറോളം പോലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരുന്നത്.

ഗുരുവായൂരില്‍ നടന്ന ബിജെപി കൊട്ടിക്കലാശം