തകർന്ന റോഡ്, യാത്രാ ദുരിതം മാറ്റമില്ലാതെ ചാവക്കാട് ചേറ്റുവ റോഡ്

ചാവക്കാട് : ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദേശീയപാതയിലെ യാത്ര ദുരിത പൂർണ്ണം. ദിനം പ്രതി ചെറുതും വലുതുമായ ആയിരകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ വെള്ളം നിറഞ്ഞാല്‍ കാണാന്‍ കഴിയാതെ നിരവധി ബൈക്ക് യാത്രികര്‍ ദിനേനെ അപകടത്തില്‍ പെടുന്നു. മഴപെയ്താല്‍ ചളിക്കുണ്ടും, വേനലായാല്‍ പൊടിശല്ല്യവും കൊണ്ട് ജനം ബിദ്ധിമുട്ടുകയാണ്.

രണ്ടു കിലോമീറ്ററിനുള്ളില്‍ രണ്ടു ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇടക്കിടെ ഹൈവെ അധികൃതര്‍ പാറപ്പൊടിയിട്ടു കുഴി അടക്കുന്നത് മൂലമാണ് റോഡിൽ ചളിക്കുണ്ടും, പൊടി ശല്ല്യവും രൂക്ഷമാവുന്നത്. റോഡരികിലെ കച്ചവടസ്ഥാപനങ്ങളില്‍ പൊടികയറി കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കാല്‍ നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ പോകുമ്പോഴുള്ള ചളി അഭിഷേകം നിത്യസംഭവമാണ്. ഇതിനിടെ സ്വകാര്യ ബസുകളുടെ മത്‌സര ഓട്ടവും, ഗതാഗത തടസ്സങ്ങളും നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
മണത്തലയില്‍ നിന്നും ബ്ലാങ്ങാട് വഴി വില്ല്യംസില്‍ വന്നു ചേരുന്ന പുതിയ ദേശീയപാത റോഡ് നിർമാണത്തിലാണ്. പുതിയ ദേശീയപാത നിലവിൽ വരുന്നതോടെ ചാവക്കാട് മുതൽ വില്ല്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറും. അതുകൊണ്ട് തന്നെ പൂർണമായ രീതിയിൽ അറ്റകുറ്റ പണികളോ നിർമ്മാണമോ നടത്താൻ ദേശീയപാത അധികൃതർ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ പരിധിയിൽ പെട്ട റോഡല്ല എന്ന് പറഞ്ഞു പി ഡബ്ല്യൂ ഡി യും ജന പ്രതിനിധികളും കയ്യൊഴിയുന്നു.
രണ്ടു വർഷം മുൻപ് ജനരോഷം ശക്തമായപ്പോൾ ഒരു മാസം റോഡ് അടച്ചിട്ട് കോടികൾ ചിലവഴിച്ച് ടൈൽ വിരിക്കുകയും പാച്ച് റിപ്പയറിങ് നടത്തുകയും ചെയ്തിരുന്നു. ഒന്നും രണ്ടും മീറ്റർ ഇടവിട്ടും റോഡിന്റെ നടുവിലും വശങ്ങളിലുമായി ടൈൽ വിരിക്കലും ടാറിങും ഇടകലർന്നാണ് അന്ന് പണി പൂർത്തീകരിച്ചത്. എന്നാൽ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡ് ആഴ്ചകൾക്കകം തന്നെ തകർന്നു.

Comments are closed.