ചേറ്റുവ : ഏറണാകുളത്ത് നിന്നും ഗുരുവായൂരില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുകളാണ് പാലത്തില്‍ കൂട്ടിയിടിച്ചത്. നിരവധി യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഏങ്ങണ്ടിയൂര്‍ എം ഇ എസ്, എം ഐ, മുതുവട്ടൂര്‍ രാജാ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന ആറ്റുപറമ്പത്ത് ബസ്സ്‌ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ചാറ്റല്‍ മഴയുണ്ടായിരുന്നതിനാല്‍ ബ്രേക്ക് ചവിട്ടിയതോടെ ഇരുവാഹനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ് പാലത്തിനു മുകളില്‍ റോഡിനു കുറുകെ തിരിഞ്ഞു നിന്നതിനാല്‍ ദേശീയപാത പതിനേഴില്‍ ഒന്നരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.