പുന്നയൂര്‍: അകലാട് ബീച്ചില്‍ ബൈക്കിലെത്തിയ യുവാവ് മുഖത്ത് മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു.
അകലാട് മൂന്നയിനി കാജാ ബീച്ചിൽ 53-ാം നമ്പര്‍ അങ്കണവാടി ഹെല്‍പ്പര്‍ പുന്നയൂര്‍ പഞ്ചവടി സ്വദേശി വടക്കംപറമ്പില്‍ ബിന്ദു (40) നു നേരെയാണ് ആക്രമണം. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 ഓടെ ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്.. താലിയും ലോക്കറ്റും ഉള്‍പ്പെടെ അരപവനോളം സ്വര്‍ണ്ണം നഷ്ടമായി. എന്നാൽ മാല സ്വർണ്ണം പൂശിയ ആഭരണമായത് ബിന്ധുവിന് ആശ്വസിക്കാനുള്ള വകയായി. ബൈക്ക് അങ്കണവാടിക്ക് സമീപം നിര്‍ത്തി നടന്നു വന്ന യുവാവ് വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിന്ദുവിന്റെ മുഖത്തേക്ക് മുളക് പൊടി എറിയുകയായിരുന്നു. ഓർക്കാപ്പുറത്ത് കണ്ണില്‍ വന്ന് വീണ മുളകുപൊടി തുടക്കുന്നതിനിടെ യുവാവ് അടുത്തെത്തി കഴുത്തിലെ മാലപൊട്ടിക്കുകയായിരുന്നു. ബിന്ദുവിൻറെ നിലവിളികേട്ട് അങ്കണവാടി വര്‍ക്കര്‍ സിന്ധു പുറത്തേക്ക് വരുമ്പോഴേക്കും യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. 25 വയസ് പ്രായം തോന്നുന്ന മോഷ്ടാവ് നീല ടീ ഷര്‍ട്ടും ജീന്‍സ് പാന്റുമാണ് ധരിച്ചിരുന്നതെന്ന് ബിന്ദു പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചതിനു പുറമെ മുഖത്ത് ടവല്‍ ഉപയോഗിച്ച് കെട്ടിയിരുന്നു.