ചാവക്കാട്: ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം കത്തിപ്പടരുന്നു. കണ്ടയിനര്‍ ലോറിക്കടിയില്‍പെട്ട് വയോധികനായ സ്കൂട്ടര്‍ യാത്രികന്റെ ദാരുണ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് ശനിയാഴ്ച രാവിലെ ചാവക്കാട് സെന്ററില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ വാഹനമോടിച്ച കണ്ടെയിനര്‍ ഡ്രൈവറോടൊപ്പം അശാസ്ത്രീയ പരിഷ്കരണം നടപ്പാക്കിയ ചാവക്കാട് ട്രാഫിക് അതോറിറ്റിയും കുറ്റക്കാരാണെന്ന് ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ വി അബ്ദുല്‍ഹമീദ് പ്രസ്താവിച്ചു.
ചാവക്കാട് നഗരസഭാ ചെയര്‍മാനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് എസ് ഡിപി ഐ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ ട്രാഫിക് പരിഷ്കരണത്തിനെതിരെ
യു ഡി വൈ എഫ്, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി.
എസ് ഡി പി ഐ ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ മുനിസിപ്പല്‍ പ്രസിഡണ്ട് അക്ബര്‍‍, സെക്രട്ടറി നിഷാദ്, അക്ബര്‍ ടി എം, യഹിയ, ഫാമിസ് അബൂബക്കര്‍, അഷ്റഫ് പുന്ന എന്നിവര്‍ നേതൃത്വം കൊടുത്തു. ജീല്ലാ കമ്മിറ്റി അംഗം ഷെമീർ ബ്രോഡ്വേ സംസാരിച്ചു.
യു ഡി വൈ എഫ് പ്രകടനത്തില്‍ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് എച്ച് എം നൌഫല്‍, യൂത്ത് ലീഗ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്‍റ് വി എം മനാഫ്, കെ വി സത്താര്‍, വി പി മന്‍സൂര്‍ അലി, നൌഷാദ് തെരുവത്ത്, നിഖില്‍ ജി കൃഷ്ണന്‍, കെ കെ ഫവാസ്, അലി അകലാട്, അസീസ്‌ മന്ധലാംകുന്നു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതു യോഗം മുന്‍സിപ്പല്‍ കൌണ്‍സിലര്‍ പി എം നാസര്‍ ഉദ്ഘാടനം ചെയ്തു.