mehandi new

ചാവക്കാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ ഭൂമി ഏറ്റെടുക്കാന്‍ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കും

fairy tale

ചാവക്കാട്: നഗരസഭയുടെ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് ഭൂമി വിലക്കു വാങ്ങുന്നതിനായി ഹഡ്‌ക്കോയില്‍ നിന്ന് ഒരു കോടി രൂപ വായ്പയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍തീരുമാനം. വായ്പ ലഭിക്കുന്നതിനായി ഹഡ്‌കോ ആവശ്യപ്പെട്ട ബാങ്ക് ഗ്യാരണ്ടിക്കായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഈട് കാണിക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ യോഗത്തില്‍ അറിയിച്ചു. ഭൂമി വാങ്ങുന്നതിനായി രണ്ട് കോടിയോളം രൂപയാണ് ചിലവ് വരുന്നത്. ഇതില്‍ ഒരു കോടി രൂപ നഗരസഭ ഫണ്ടില്‍ നിന്ന് എടുക്കും.
നഗരസഭയുടെ പരപ്പില്‍താഴത്തെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി പ്രദേശത്തെ 63 കുടുംബങ്ങളെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴിപ്പിച്ചത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഈ തുക ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ചാവക്കാട് നഗരസഭ അര്‍ബന്‍ 20-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയം നിര്‍മ്മാണം, വഞ്ചിക്കടവ് ഷോപ്പിങ് കോംപ്ലക്‌സ്, ബ്ലാങ്ങാട് ബീച്ചിലെ മറൈന്‍ ഡ്രൈവ് മോഡല്‍ പാത നിര്‍മ്മാണം എന്നീ പ്രവര്‍ത്തികള്‍ക്കുള്ള സ്ഥലങ്ങളുടെ ഡിജിറ്റല്‍ സര്‍വ്വെക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ലഭിച്ച ക്വട്ടേഷനില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ചാവക്കാട് നഗരസഭയെ സമ്പൂര്‍ണ്ണ ശൗചാലയ സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നഗരസഭ നടപ്പിലാക്കി വരുന്ന സ്വച്ഛ് ഭാരത് മിഷന്‍ ഗാര്‍ഹിക ശൗചാലയ പദ്ധതിയില്‍ 236 ഗുണഭോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി അക്ഷയകേന്ദ്രം വഴി രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള അവസാന തിയ്യതി നിശ്ചയിക്കാനും ശൗചാലയം ഇല്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാനും യോഗം തീരുമാനിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട 236 ഗുണഭോക്താക്കളില്‍ 150 പേര്‍ക്ക് ആദ്യ ഗഡു നല്‍കിയിട്ടുണ്ട്.
നഗരസഭയില്‍ ഉടമസ്ഥാവകാശം,റസിഡന്‍ഷ്യല്‍ തുടങ്ങീ വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വെള്ളപേപ്പറിലാണ് നിലവില്‍ തയ്യാറാക്കുന്നത്. ഇതിന് പകരം മറ്റ് നഗരസഭകളിലേതു പോലെ നിശ്ചിത മാതൃകയിലുള്ള ഫോമുകള്‍ ഏര്‍പ്പെടുത്താനും അപേക്ഷകള്‍ക്ക് നിശ്ചിത ഫീസ് ചുമത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം മൂന്നാംഘട്ടത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ ആഗസത് ഒന്നിന് മുമ്പായി അതത് കെഎസ്ഇബി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും വീടുകളില്‍ വയറിങ് നടത്തി കണക്ഷന്‍ ലഭിക്കാത്തവരും വൈദ്യുതി എത്തിയിട്ടില്ലാത്ത കോളനി നിവാസികളുമാണ് ഇതിന്റെ ഗുണഭോക്താക്കളെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ പി.എം.നാസര്‍, എം.എസ്.ബാബുരാജ്, എ.എച്ച്.അക്ബര്‍, കെ.കെ.കാര്‍ത്ത്യായനി, എന്‍.കെ.ഹാരിസ്, കെ.എച്ച്.സലാം, എ.സി.ആനന്ദന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

planet fashion

Comments are closed.