Header

മുഴുവന്‍ പേര്‍ക്കും ഭവനം, എല്ലാ വീടുകളിലേക്കും കുടിവെള്ളം, ക്രിമിറ്റോറിയത്തിൽ സ്നാൻ ഘട്ട്

ചാവക്കാട് : നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ബയോ മൈനിങ് ആരംഭിച്ച പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കി മാറ്റും.
നിലവിലെ ക്രിമിറ്റോറിയത്തിനനുബന്ധമായി മറ്റൊരെണ്ണം കൂടെ സ്ഥാപിക്കും. ശവസംസ്കാരാനന്തര കർമ്മങ്ങൾക്കായി ശ്മശാനത്തിൽ സ്നാൻ ഘട്ട് പണിയും, പുളിച്ചിറ കെട്ട് നവീകരിക്കും
.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ
നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്ക് അവതരിപ്പിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍

  1. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നഗരസഭ ഓഫീസ് കെട്ടിടത്തിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ടൌൺ ഹാൾ നിർമ്മാണത്തിനും ഈ വർഷം പദ്ധതി തയ്യാറാക്കും. ടൌൺ ഹാളിനോട് ചേർന്ന് ആധുനിക രീതിയിലുള്ള മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ വകയിരുത്തി.
  2. നഗരത്തിലെ ഭൂരഹിതരും ഭവന രഹിതരുമായ മുഴുവന്‍ പേര്‍ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി തിരുവത്ര മുട്ടില്‍ പ്രദേശത്ത് ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ ഏജന്‍സികളുടെയും സഹായം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര ഇടപെടലുകള്‍ നടത്തും. ഈ മേഖലയ്ക്കായി 3 കോടി രൂപ വകയിരുത്തി.
  3. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ജനകീയ ഹോട്ടലുകള്‍, സുഭിക്ഷ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും 10 ശതമാനം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് പുറമേ നഗരസഭയിലെ അതി ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് വാതില്‍പ്പടി സേവനത്തിലൂടെ ഭക്ഷണം ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കും.
  4. വഞ്ചിക്കടവില്‍ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള വയോക്ലബ്ബിന്‍റെ മാതൃകയില്‍ 3 കേന്ദ്രങ്ങളില്‍ കൂടി വയോക്ലബ്ബുകള്‍ ആരംഭിക്കും. മണത്തല പ്രസക്തി വായനശാലയോട് ചേര്‍ന്ന് ആരംഭിക്കുന്ന പകല്‍ വീടിലേക്ക് കെയര്‍ടേക്കറുടെ സേവനം ലഭ്യമാക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷം രൂപ വകയിരുത്തി. വയോമിത്രം പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി 8 ലക്ഷം രൂപ വകയിരുത്തി.
  5. മണത്തല വില്ലേജ് ഓഫീസ് പരിസരത്ത് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.
  6. നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തി.
  7. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, ചെരിപ്പ്, പഴയ വസ്ത്രങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് പുറമേ സാനിറ്ററി നാപ്കിന്‍ സംസ്കരണത്തിനാവശ്യമായ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.
  8. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുളിച്ചിറക്കെട്ട് കുളം നവീകരണത്തിന് ഒരു കോടി രൂപ വകയിരുത്തി.
  9. മാലിന്യം വലിച്ചെറിഞ്ഞിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിച്ചിട്ടുള്ളതാണ്. അത്തരം കേന്ദ്രങ്ങളില്‍ തുടര്‍ന്നും മാനില്യം വലിച്ചെറിയാതിരിക്കുന്ന രീതിയില്‍ പൊതു ഇടങ്ങളും ആധുനിക രീതിയിലുള്ള ഫുഡ് കോര്‍ട്ടുകളും സജ്ജീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ആയതിന് 5 ലക്ഷം രൂപ വകയിരുത്തി. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും. ഇതിന് 5 ലക്ഷം രൂപ വകയിരുത്തി.
  10. ലഹരിമുക്ത ബോധവത്കരണത്തിന്‍റെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രത സമിതികളുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ വകയിരുത്തി.
  11. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും പൊതുവിഭാഗം ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും 100 ശതമാനം സബ്സിഡിയോടുകൂടി ഹൗസ് കണക്ഷന്‍ ലഭ്യമാക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുള്ളതാണ്. ആയതിന് 10.5 കോടി രൂപ വകയിരുത്തി.
  12. പുതിയ റോഡുകളില്‍ സ്ട്രീറ്റ് ലെയിന്‍ വലിക്കുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും 20 ലക്ഷം രൂപ വകയിരുത്തി.
  13. റോഡുകള്‍, കാനകള്‍, കള്‍വെര്‍ട്ടുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
  14. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിന് പുതുതായി സ്ഥലം വാങ്ങുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആധുനിക രീതിയിലുള്ള സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി 35 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷി കലോത്സവം, സ്കോളര്‍ഷിപ്പ് നല്‍കല്‍, മുച്ചക്ര വാഹനം നല്‍കല്‍, ആരോഗ്യ പരിശോധനാ ക്യാമ്പ് എന്നീ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തി. കേള്‍വി പരിമിതരായ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തിയ 3 പേര്‍ക്ക് 50000 രൂപ വീതം ഈ വര്‍ഷം ധനസഹായം നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഈ സഹായം ലഭ്യമാക്കും.
  15. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ ഹെല്‍ത്ത് ക്ലബ്ബിന്‍റെ മാതൃകയില്‍ നഗരസഭയുടെ മറ്റു പ്രദേശങ്ങളിലും ഹെല്‍ത്ത് ക്ലബ്ബുകള്‍ ആരംഭിക്കും. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. തെരഞ്ഞെടുത്ത അംഗനന്‍വാടികളെ മാതൃകാ അംഗന്‍വാടികളാക്കുന്നതിനും സ്വന്തമായി കെട്ടിടമില്ലാത്തവയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇത്തരത്തില്‍ വനിതാ-ശിശു വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ വകയിരുത്തി.
  16. മുട്ടില്‍ മത്തിക്കായല്‍ പാടശേഖരത്തില്‍ നെല്‍കൃഷിയും ഇടവിള കൃഷിയും നടത്തും. തീരപ്രദേശത്ത് തീറ്റപ്പുല്‍കൃഷി, കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി ആട് വളര്‍ത്തല്‍ യൂണിറ്റുകള്‍, കേടു വന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി പുതിയവ നട്ടുപിടിപ്പിക്കുന്നതിന് ധനസഹായം, ചാവക്കാടന്‍ മുരിങ്ങ, പപ്പായ, കൂര്‍ക്ക, കൊള്ളി തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിനും വിപണനത്തിനും പുതിയ കുടുംബശ്രീ യൂണിറ്റുകളെ തെരഞ്ഞെടുക്കും. കര്‍ഷക മിത്ര പദ്ധതി കൂടുതല്‍ വിപുലീകരിക്കും. കാര്‍ഷിക മേഖലയിലെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ വാഴ കൃഷി വികസനത്തിന് 8 ലക്ഷം രൂപ വകയിരുത്തി.
  17. എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിന് നഗരസഭ വെറ്ററിനറി ആശുപത്രിയോട് ചേര്‍ന്ന് 35 ലക്ഷം രൂപ ചെലവില്‍ ആധുനിക രീതിയിലുള്ള കെട്ടിടം.
  18. എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി ചാവക്കാട് ബീച്ചില്‍ ഓപ്പണ്‍ ജിം, ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി വീടുകള്‍ സന്ദര്‍ശിച്ച് രോഗ നിര്‍ണ്ണയം നടത്തുന്നതിനായി വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാഹനം ഉള്‍പ്പെടെ നല്‍കി മൊബൈല്‍ പരിശോധനാ യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷം രൂപ വകയിരുത്തി. താലൂക്കാശുപത്രിയില്‍ രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചുവരുന്ന ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റാക്കി വര്‍ദ്ധിപ്പിക്കും. ആയതിന് 20 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം.
  19. ആയുര്‍വേദ ഡിസ്പെന്‍സറി വഴി അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി തുടര്‍ ചികിത്സ നടത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. ആയുര്‍വേദ ഡിസ്പെന്‍സറിയോട് ചേര്‍ന്ന് കിടത്തി ചികിത്സാ കേന്ദ്രം.
  20. ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ.
  21. വിദ്യാലയങ്ങളില്‍ കൃഷിത്തോട്ടം- ഹരിത ഉദ്യാനം പദ്ധതികള്‍, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം- നീന്തല്‍ വസ്ത്രങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, പരീക്ഷ മുന്നൊരുക്കം, സ്കൂളുകളിലേക്ക് ഫര്‍ണ്ണീച്ചര്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, യു.പി സ്കൂളുകളിലേക്ക് കായിക അദ്ധ്യാപകര്‍, വിദ്ധ്യാര്‍ത്ഥികള്‍ക്ക് യോഗ- കരാട്ടേ പരിശീലനം, വിദ്യാര്‍ത്ഥിനികള്‍ക്ക് മെനുസ്ട്രല്‍ കപ്പ് എന്നീ പദ്ധതികള്‍ക്കും സ്കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനുമായി 20 ലക്ഷം.
  22. കലാ-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം. കലാഗ്രാമം പദ്ധതിക്കായി 5 ലക്ഷം.
  23. ചാവക്കാട് നഗരസഭാ കുടുംബശ്രീയുടെ കിഴിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ.
  24. അതിദരിദ്ര കുടുംബങ്ങളുടെ ഹരിത കര്‍മ്മ സേനക്കുള്ള യൂസര്‍ ഫീ നഗരസഭ വഹിക്കും. അതി ദരിദ്രര്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി 10 ലക്ഷം.
  25. നഗരസഭാ വാതക ശ്മശാനത്തിന്‍റെ വികസനത്തിനായി രണ്ടു കോടി രൂപ.
  26. നഗരസഭ പ്രദേശങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനായി 50 ലക്ഷം.
  27. നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്കു പുറമേ പട്ടികജാതി കോളനികളില്‍ കുടിവെള്ള സംഭരണി, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വാദ്യോപകരണങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി ഒരു കോടി രൂപ.
  28. നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്കു പുറമേ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കുടിവെള്ള സംഭരണി, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയ പദ്ധതികള്‍ക്കായി 20 ലക്ഷം രൂപ.
  29. കനോലി കനാലിനോട് ചേര്‍ന്ന് നടപ്പാത, ഫുഡ് കോര്‍ട്ട്, കനോലി കനാലില്‍ പെഡല്‍ ബോട്ട് സംവിധാനം, ടൂറിസം മേഖലയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ.
  30. സംയുക്ത പദ്ധതികളായ സമേതം, ഹെല്‍ത്ത് ലൈന്‍, സ്ലിം തൃശ്ശൂര്‍, തീര സുരക്ഷ, കാന്‍ തൃശ്ശൂര്‍, സാംസ്കാരിക ഉത്സവം തുടങ്ങിയ പദ്ധതികള്‍ക്ക് 25 ലക്ഷം.
  31. സര്‍ക്കാരിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം ആശയത്തിന്‍റെ ഭാഗമായി ബാങ്കുകളുമായി ചേര്‍ന്ന് സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കും. മൊബൈല്‍ ഫിഷ് വെന്‍റിംഗ് കിയോസ്കുകള്‍, റെഡി റ്റു ഈറ്റ് ആന്‍റ് കുക്ക് ഫിഷ് സെന്‍റര്‍, പാല്‍-പാലുല്‍പന്നങ്ങള്‍ സംസ്കരണ വിപണന കേന്ദ്രം, കേരള ചിക്കന്‍ തുടങ്ങിയ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം.
thahani steels

Comments are closed.