ചാവക്കാട് സ്റ്റേഡിയം വോൾഗ ഗ്രൗണ്ടിൽ നിർമ്മിക്കണം: എസ്ഡിപിഐ

ചാവക്കാട് : ചാവക്കാട് പുതിയ പാലത്തിന് സമീപമുള്ള വോൾഗ ഗ്രൗണ്ടിൽ (എക്സ്പോ ഗ്രൗണ്ട്) ടൗൺ ഹാൾ നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ച്, കായിക പ്രേമികൾക്കായി ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന് എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുനിസിപ്പൽ ചെയർമാൻ എ.എച്ച് അക്ബറിന് പാർട്ടി പ്രതിനിധികൾ നിവേദനം നൽകി.

ചാവക്കാട് നിവാസികളുടെ ദീർഘകാല സ്വപ്നമായ സ്റ്റേഡിയത്തിന് വോൾഗ ഗ്രൗണ്ടാണ് ഏറ്റവും അനുയോജ്യമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഈ സ്ഥലത്ത് ടൗൺ ഹാളും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കായിക വികസനത്തിന് മുൻഗണന നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
പ്രധാന ആവശ്യങ്ങൾ : വോൾഗ ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമ്മിക്കുക.പുഴയോട് ചേർന്ന് പാർക്കും മറ്റ് വിനോദ സംവിധാനങ്ങളും ഒരുക്കുക.ടൗൺ ഹാൾ നിർമ്മാണത്തിനായി നഗരപരിധിയിൽ തന്നെ മറ്റൊരു സ്ഥലം കണ്ടെത്തുക. ഗുരുവായൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ടി.എം, ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ് കുന്നത്ത് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. കായികപ്രേമികളുടെയും പൊതുജനങ്ങളുടെയും വികാരം കണക്കിലെടുത്ത് പുതിയ ഭരണസമിതി അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ അറിയിച്ചു.

Comments are closed.