ചാവക്കാട് ടൗൺ ഹാൾ, സ്റ്റേഡിയം സ്ഥലം മാറ്റം മാസ്റ്റർ പ്ലാനിനു വിരുദ്ധം
ചാവക്കാട് : ഭൂ വിനിയോഗം ഇനിമുതൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാവണം എന്ന നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിന് പിന്നാലെ മാസ്റ്റർ പ്ലാൻ തിരുത്താൻ തീരുമാനിച്ചു ചാവക്കാട് നഗരസഭാ കൗൺസിൽ. ഗവർണർ ഒപ്പിട്ട് അംഗീകരിച്ച് നിലവിൽ വന്ന ചാവക്കാട് മാസ്റ്റർ പ്ലാനിൽ ടൗൺ ഹാൾ കോഴിക്കുളങ്ങരയിലും സ്റ്റേഡിയം ചാവക്കാട് സിവിൽ സ്റ്റേഷന് എതിർവശമുള്ള നഗരസഭാ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് ചേർന്ന ( ജനുവരി 23) ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ടൗൺ ഹാൾ കോഴിക്കുളങ്ങരയിൽ നിന്നും മാറ്റി ചാവക്കാട് സിവിൽ സ്റ്റേഷന് എതിർവശമുള്ള സ്ഥലത്തേക്കും സ്റ്റേഡിയം മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപമുള്ള സ്ഥലത്തേക്കും മാറ്റാൻ തീരുമാനിച്ചിരുന്നു. ടൗൺ ഹാളും സ്റ്റേഡിയവും സ്ഥലം മാറ്റുന്നത് മാസ്റ്റർ പ്ലാനിനു എതിരാണെന്നും പ്ലാൻ തിരുത്തുകയാണെങ്കിൽ പ്ലാനിനെതിരെ നൽകിയ പന്ത്രണ്ടോളം പരാതികളിൽ തീരുമാനമെടുത്ത് അതും കൂടെ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ തിരുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്ന് യു ഡി എഫ് കൗൺസിലർ കെ വി സത്താർ ആവശ്യപ്പെട്ടു.
സ്റ്റേഡിയം പരപ്പിൽതാഴത്തേക്ക് മാറ്റിയാൽ എത്രത്തോളം ഉപയോഗപ്രദമാകും എന്നതും പഠന വിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed.