ചാവക്കാട് കടലാമക്കാലം പതിവ് പോലെ കടലാമകൾ മുട്ടയിടാൻ എത്തിതുടങ്ങി

ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്നലംകുന്ന് ബീച്ച് കടലാമ മുട്ടയിടാൻ എത്തി. മന്നലംകുന്ന് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം മുട്ടയിടാനായി കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടനപ്രവർത്തകരായ നവാസ് കെ. എ, താഹിർ, നിസാർ റ്റി, നവാസ് എൻ, സൈദാലി എന്നിവരുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ മന്നലംകുന്ന് പുന്നയൂർ കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ ഹംസു, കമറുദ്ദീൻ എന്നിവർ ഹാച്ചറിയിലേക്ക് മാറ്റി.

ഈ സീസണിൽ ഇതുവരെ 3 ഇടങ്ങളിലാണ് കടലാമകൾ മുട്ടയിടാനായി എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അകലാട് കാട്ടിലെ പള്ളി ബീച്ചിലും കടപ്പുറം പഞ്ചായത്തിലെ വെളിച്ചെണ്ണ പടിയിലും കടലാമകൾ മുട്ടയിടാൻ എത്തിയിരുന്നു. ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകളാണ് കേരളതീരത്ത് മുട്ടായിടാനെത്തുന്നത്.
കുറച്ചു വർഷങ്ങളായി ഡിസംബറിൻ്റെ നഷ്ട വാരത്തിലാണ് ചാവക്കാട് കടലാമകൾ കൂടുവക്കാനെത്തുന്നത്. കേരളത്തിൽ സുനാമിയുടെ വരവോടെയാണ് കടലാമകളുടെ വരവ് നവംബറിൽ നിന്ന് ഡിസംബറിലേക്ക് മാറിയെതെന്ന് ചാവക്കാട് കടൽ തീരത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഗ്രീൻ ഹാബിറ്റാറ്റ് സംഘടയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ജെ ജെയിംസ് പറഞ്ഞു. ഈ വർഷം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഒക്ടോബർ മുതൽ തന്നെ ബോധവൽക്കരണ പരിപാടികൾക്ക് ഗ്രീൻ ഹാബിറ്റാറ്റ് തുടക്കം കുറിച്ചിരുന്നു.
45 മുതൽ 50 ദിവസം വരെയാണ് കടലാമ മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം. സൂര്യപ്രകാശത്തിന്റെ ചൂടോറ്റാണ് കടലാമ മുട്ടുകൾ വിരിയുക. വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ കടലാമ സംരക്ഷണപ്രവർത്തകർ കടലിലേക്കു വിടും. വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുതൽ പെരിയമ്പലം വരെയുള്ള കടൽത്തീരത്താണ്. എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷനു കീഴിലും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനു കീഴിലുമാണ് ചാവക്കാട് തീരത്തെ കടലാമ സംരക്ഷണസമിതികളും വാച്ചർമാരും പ്രവർത്തിക്കുന്നത്.

Comments are closed.