Header

ലുസൈൽ ഐക്കണിക്കിലെ ഓരോ ഗോളിലും ചാവക്കാട് കുലുങ്ങും.. ഇനി നിമിഷങ്ങൾ മാത്രം

ചാവക്കാട് : ഖത്തറിലെ ലുസൈൽ (Lusail Iconic) സ്റ്റേഡിയത്തിൽ ആകാശ നീലിമയിൽ വെള്ള ചാർത്തിയ ഉടുപ്പണിഞ്ഞു മിശിഹാ യുടെ കീഴിൽ മാലഖമാർ ഇറങ്ങും. ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരഞ്ഞു മൂന്നരയോടെ ഖത്തറിൽ ഉരുളുന്ന തുകൽ ഗോളത്തിന് ചുറ്റും ചാവക്കാടും ചുറ്റി തുടങ്ങും. ലോക കാൽപന്തു കളിയിൽ മലബാറിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീനയുടെ 2022 ഖത്തർ വേൾഡ് കപ്പിലെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.

1986ൽ ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഡിയേഗോ മറഡോണ എക്കാലത്തെയും മികച്ച അർജന്റൈൻ ഫുട്ബോൾ താരമായി ഗണിക്കപ്പെടുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മറഡോണ. മരിയോ കെംപസ്, ഡാനിയൽ പാസറെല്ല, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ക്ലോഡിയോ കനീജിയ, ജോർഗേ വൽദാനോ,ലയണൽ മെസ്സി,ഗുള്ളിയെർമൊ സ്റ്റബൈൽ എന്നിവർ ലോകശ്രദ്ധ നേടിയ മുൻ അർജന്റൈൻ താരങ്ങളാണ്.

ഇന്ന് നടക്കുന്ന നാലുകളികളിൽ ആദ്യത്തെ കളി അർജന്റീനയും സൗദി അറേബ്യയുമാണ്. വിവിധ ടീമുകളുടെ ഫാൻസുകൾ ഇന്ന് മുതൽ സജീവമാകും. ലുസൈൽ ഐക്കണിക്കിലെ ഓരോ ഗോളിലും ചാവക്കാട് കുലുങ്ങും. അരയും തലയും വരിഞ്ഞു കെട്ടി ഫാൻസിന്റെ കാത്തിരിപ്പിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ഫാൻസുകളുടെ അംഗബലത്തിൽ ബ്രസീലും ഒപ്പത്തിനൊപ്പമുണ്ട്. മേഖലയിൽ പോർച്ചുഗൽ ഫാൻസിനാണ് മൂന്നാം സ്ഥാനം.

ചാവക്കാടിന്റെ മുക്കിലും മൂലയിലും ഇന്ന് പുലർച്ചയോടെ അർജന്റീനയുടെ വ്യത്യസ്ഥ ഫ്ലക്സുകൾ ഉയർന്നു കഴിഞ്ഞു. ചോട്ടാ രാജൻ, ബഡാ രാജൻ, വജ്രായുധം തുടങ്ങിയ പേരുകൾ നൽകി ഇഷ്ട താരങ്ങളുടെ ഹോർഡിങ്‌സുകളാൽ തോരണം ചാർത്തി ചാവക്കാട് ഓവുങ്ങൽ റോഡ് ഫാൻസ്‌ കയ്യടക്കി. അവനാഴിയിലെ അവസാന അസ്ത്രം ഇനിയും പുറത്തെടുത്തില്ലെന്ന് ആരാധകർ. വാമോസ് വിളികളാൽ ഇന്ന് ചാവക്കാട് മുഖരതമാകും.. അവസാന വട്ട തയ്യാറെടുപ്പും കഴിഞ്ഞു ഫാൻസ്‌ വിശ്രമത്തിലാണ്. മൂന്നരക്ക് ശേഷം ആറാടാൻ..

thahani steels

Comments are closed.