mehandi new

ചാവക്കാട് വ്യാപാര സൗഹൃദ നഗരമല്ല – കെ ടി ജി എ സെക്രട്ടറി നഹാസ് നാസർ

fairy tale

ചാവക്കാട് : ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വിജയകരമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ എടുത്ത് നോക്കിയാൽ അവിടെയെല്ലാം ചാവക്കാട്ടുകാരായ കച്ചവട പ്രമുഖരെ കാണാൻ കഴിയും. എന്നാൽ കച്ചവട രംഗത്ത് വൻവിജയം കൊയ്യുന്ന ഇവരാരും ചാവക്കാട് ഒരു ബിസിനസ്സ് സ്ഥാപനം തുടങ്ങാൻ തയ്യാറല്ല. ചാവക്കാട്  വ്യാപാര സൗഹൃദ നഗരമല്ല എന്നതാണ് അതിനു കാരണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മെഹന്ദി ഗ്രൂപ്പ് എം ഡിയുമായ നഹാസ് നാസർ അഭിപ്രായപ്പെട്ടു. ചാവക്കാട് പ്രസ്സ് ഫോറം സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇൻസ്റ്റിട്യൂഷനുകളിൽ നിന്നുള്ള ശല്യങ്ങൾ ഉൾപ്പെടെ പലകാരണങ്ങൾ കൊണ്ട് തകർന്നു പോയതും പിന്നീട് ചാവക്കാടിന് പുറത്ത് പുനരാരംഭിച്ച് വിജയിച്ചതുമായ നിരവധി കച്ചവട സ്ഥാപനങ്ങളുടെ കഥകൾ മുന്നിലുണ്ട്. 

ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ഘടകവും ചാവക്കാട് നഗരത്തിലില്ല. പൊതു പാർക്കിംഗ് ഇടമില്ല, സിനിമയുൾപ്പെടെ  ഒരു എന്റെർടൈൻമെന്റ് കേന്ദ്രങ്ങളും ഇവിടെയില്ല. നഗരത്തിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ നിരവധിയുണ്ടെങ്കിലും അവിടെയൊന്നും ഒന്നും ചെയ്യാൻ സമ്മതിക്കാത്ത വിധം ചുവപ്പ് നാടയിൽ കുരുക്കി കിടക്കുകയാണ്.

ചാവക്കാട് ചാട്ടുകുളം റോഡ് വീതി കൂട്ടുന്നു എന്ന വാർത്ത സന്തോഷകരമാണ്. അത് ചാവക്കാടിന്റെ ബിസിനസ്സ് മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

ഓണക്കോടി വിതരണം മെഹന്ദി ഗ്രൂപ്പ് ചെയർമാൻ നാസർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ, ട്രഷറർ കെ ടി വിൻസെന്റ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ ക്ലീറ്റസ്, മുനേഷ്, ശിവജി, പാർവ്വതി, മഹ്മൂദിയ, ഷക്കീൽ എം വി എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും കലാപരിപാടികളും നടന്നു.

planet fashion

Comments are closed.